ലോസാഞ്ചലസ്: ലോസ് ആഞ്ചലസിലെ പീക്കോക്ക് തിയറ്ററില്‍ 78-ാമത് പ്രൈംടൈം എമ്മി അവാര്‍ഡില്‍ നേട്ടങ്ങള്‍ കൊയ്ത് പ്രമുഖ പരമ്പരകള്‍. ആപ്പിള്‍ ടിവിയുടെ ഹൊറര്‍-കോമഡി സീരീസായ ‘വിഡോസ് ബേ’ (Widow’s Bay) മികച്ച കോമഡി സീരീസിനുള്ള പുരസ്കാരം സ്വന്തമാക്കി. ഇതിലെ അഭിനയത്തിന് മാത്യു റൈസ് മികച്ച ഹാസ്യ നടനായി തിരഞ്ഞെടുക്കപ്പെട്ടു. നെറ്റ്ഫ്ലിക്സിന്റെ ‘ദി ബീസ്റ്റ് ഇന്‍ മി’ എന്ന ലിമിറ്റഡ് സീരീസിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരവും റൈസ് കരസ്ഥമാക്കിയിരുന്നു. ഇതോടെ ഒരേ സീസണില്‍ തന്നെ രണ്ട് ലീഡിങ് ആക്ടര്‍ എമ്മി പുരസ്കാരങ്ങള്‍ നേടുന്ന ആദ്യ നടനെന്ന ചരിത്ര റെക്കോഡ് മാത്യു റൈസ് സ്വന്തമാക്കി.
‘വിഡോസ് ബേ’യിലെ പ്രകടനത്തിന് കേറ്റ് ഒഫ്ലിന് മികച്ച സഹനടിയായും സ്റ്റീഫന്‍ റൂട്ട് മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ‘ഹാക്സ്’ എന്ന പരമ്പരയിലൂടെ ജീന്‍ സ്മാര്‍ട്ട് തുടര്‍ച്ചയായ അഞ്ചാം തവണയും കോമഡി വിഭാഗത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.

എച്ച്.ബി.ഒ മാക്സിന്റെ മെഡിക്കല്‍ ഡ്രാമയായ ‘ദി പിറ്റ്’ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോള്‍, അതിലെ നായകന് നോഹ വൈല് മികച്ച നടനുള്ള നേട്ടം ആവര്‍ത്തിച്ചു. ‘പ്ലൂറിബസ്’ എന്ന പരമ്പരയിലെ പ്രകടനത്തിന് റിയ സീഹോണ്‍ മികച്ച ഡ്രാമ നടിക്കുള്ള അവാര്‍ഡ് നേടി.
‘ദി ഡിപ്ലോമാറ്റ്’ എന്ന സീരീസിലൂടെ ആലിസണ് ജാന്നി മികച്ച ഡ്രാമ സഹനടിയായും, ‘ടാസ്ക്’ എന്ന പരമ്പരയിലെ അഭിനയത്തിന് ടോം പെല്ഫ്രി മികച്ച ഡ്രാമ സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. എച്ച്.ബി.ഓയുടെ ‘ഡി.ടി.എഫ് സെന്റ് ലൂയിസ്’ മികച്ച ലിമിറ്റഡ് സീരീസിനുള്ള പുരസ്കാരം നേടിയപ്പോള്‍, നെറ്റ്ഫ്ലിക്സിന്റെ ‘റിമാര്ക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സാലി ഫീല്‍ഡ് ലിമിറ്റഡ് സീരീസ് / ടിവി മൂവി വിഭാഗത്തിലെ മികച്ച നടിക്കുള്ള എമ്മി കരസ്ഥമാക്കി.
