കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ സാമ്പത്തിക അന്വേഷണം കൂടുതല്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡയറിയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ മനോഹര്‍ ദാസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. ആദ്യമായാണ് ഇഡി ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഡയറി കുറിപ്പുകളുമായി ബന്ധപ്പെട്ട് പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവരെ വിളിപ്പിക്കുന്ന കാര്യത്തില്‍ ഇഡി അന്തിമ തീരുമാനമെടുക്കുക.
അതേസമയം, മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറില്‍ ഇഡി പരിശോധന നടത്തി. നേരത്തെ മരവിപ്പിച്ചിരുന്ന ലോക്കറില്‍ നിന്നും 50 പവനോളം സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. ഇത് തന്റെ സഹോദരിയുടേതാണെന്നാണ് ഫെബീഷ് നല്‍കിയിട്ടുള്ള മൊഴി. സംഭവവികാസങ്ങള്‍ക്ക് പിന്നാലെ പി. നിഖില്‍ റിയാസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

പിണറായി വിജയന്റെ മകള്‍ വീണ ടി.യുടേതെന്ന് കരുതുന്ന ഡയറിക്കുറിപ്പുകളിലെ കണക്കുകളാണ് കൈക്കൂലിക്കും ഹവാല ഇടപാടുകള്‍ക്കും തെളിവായി ഇഡി ചൂണ്ടിക്കാണിക്കുന്നത്. ‘നമ്മള് ബേപ്പൂര്‍ കോര്‍ ടീം’ എന്ന വാട്സാപ്പ് ഗ്രൂപ്പാണ് ഹവാല ഇടപാടുകളുടെ കേന്ദ്രബിന്ദുവെന്നും മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ട് ഇഡി ആരോപിക്കുന്നു. എന്നാല്‍ വീണയുടേതെന്ന് പറയപ്പെടുന്ന ഡയറി കുറിപ്പുകളെക്കുറിച്ചോ അതിലെ കണക്കുകളെക്കുറിച്ചോ മുഹമ്മദ് റിയാസ് ഇതുവരെ തള്ളപ്പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
