ടൊറന്റോ: കാനഡയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ലഭിക്കുന്ന കാനഡ ചൈൽഡ് ബെനഫിറ്റിന്റെ (CCB) അടുത്ത ഗഡു സെപ്റ്റംബർ 18 വെള്ളിയാഴ്ച അക്കൗണ്ടുകളിൽ എത്തും. സാധാരണയായി എല്ലാ മാസവും 20-ാം തീയതിയാണ് കാനഡ റവന്യൂ ഏജൻസി (CRA) പേയ്മെന്റ് വിതരണം ചെയ്യുന്നത്. എന്നാൽ ഈ മാസം 20 ഞായറാഴ്ചയായതിനാലാണ് പേയ്മെന്റ് നേരത്തെയെത്തുന്നത്.
പുതിയ ബെനഫിറ്റ് വർഷത്തിലെ മൂന്നാമത്തെ ഗഡുവാണിത്. പണപ്പെരുപ്പം കണക്കിലെടുത്ത് ജൂലൈ മുതൽ കാനഡ ചൈൽഡ് ബെനഫിറ്റ് തുകയിൽ 2 ശതമാനം വർധന വരുത്തിയിട്ടുണ്ട്.
6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിമാസം പരമാവധി 679.75 കനേഡിയൻ ഡോളറും, 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് പരമാവധി 573.58 ഡോളറും ലഭിക്കും. കുടുംബത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യഥാർഥ ആനുകൂല്യത്തുക നിശ്ചയിക്കുന്നത്.

2025ലെ നികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് പുതിയ ബെനഫിറ്റ് വർഷത്തിലെ തുക കണക്കാക്കുന്നത്. വാർഷിക കുടുംബവരുമാനം 38,237 ഡോളറിൽ താഴെയുള്ളവർക്ക് പൂർണ ആനുകൂല്യം ലഭിക്കും. ഇതിന് മുകളിലുള്ള വരുമാനമുള്ള കുടുംബങ്ങൾക്ക് വരുമാനത്തിനനുസരിച്ച് ആനുകൂല്യത്തുക കുറയും.
സിസിബി പേയ്മെന്റ് തടസ്സമില്ലാതെ ലഭിക്കുന്നതിന് മാതാപിതാക്കൾ കൃത്യമായി നികുതി റിട്ടേൺ സമർപ്പിക്കണം. കുട്ടികളുടെ പ്രധാന സംരക്ഷണച്ചുമതലയുള്ള കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ആനുകൂല്യത്തിന് അർഹതയുണ്ട്.
താമസസ്ഥലം, മാരിറ്റൽ സ്റ്റാറ്റസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളിൽ മാറ്റമുണ്ടായാൽ സിആർഎയെ അറിയിക്കണം. ആനുകൂല്യത്തിന് അർഹരായവർക്ക് CRA My Account വഴി പേയ്മെന്റ് വിവരങ്ങൾ പരിശോധിക്കാം. ഡയറക്ട് ഡെപ്പോസിറ്റ് സൗകര്യം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും.
