നോവസ്കോഷ: ഡീസല്‍ വില വീണ്ടും റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ മാരിടൈം പ്രവിശ്യകളിലെ (ന്യൂബ്രണ്‍സ്വിക്, നോവസ്കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്) മല്‍സ്യബന്ധന മേഖലയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അക്വാകള്‍ച്ചര്‍ കയറ്റുമതി ഉല്‍പ്പന്നമായ ലോബ്സ്റ്റര്‍ (Lobster) പിടിക്കുന്ന ബോട്ടുകള്‍ പൂര്‍ണ്ണമായും ഡീസലിനെയാണ് ആശ്രയിക്കുന്നത്.
ഒരു തവണ ടാങ്ക് നിറയ്ക്കാന്‍ 1,100 ലിറ്റര്‍ ഡീസല്‍ ആവശ്യമാണെന്നും ആഴ്ചയില്‍ രണ്ടുതവണ ഇന്ധനം അടിക്കേണ്ടി വരുന്നുണ്ടെന്നും മത്സ്യത്തൊഴിലാളിയായ കാള്‍ അലന് വ്യക്തമാക്കുന്നു. ഇതിനുപുറമെ, ട്രക്കുകളുടെ ഷിപ്പിങ് സര്‍ചാര്‍ജും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു. ഉല്‍പ്പാദന, ഗതാഗത ചെലവുകള്‍ ഉയര്‍ന്നതോടെ വിപണിയില്‍ ലോബ്സ്റ്ററിന്റെയും മറ്റ് കടല്‍മത്സ്യങ്ങളുടെയും വില കുത്തനെ കൂട്ടി. ഇത് കാരണം പല ഉപഭോക്താക്കളും സീഫുഡ് വാങ്ങുന്നത് ഒഴിവാക്കുകയാണ്.

മത്സ്യബന്ധന മേഖല സാങ്കേതികമായി ലാഭകരമാണെങ്കിലും, സാമ്പത്തികമായി നിലനില്ക്കാന് സാധിക്കാത്ത അവസ്ഥയാണെന്ന് കാള്‍ അലന് ചൂണ്ടിക്കാണിക്കുന്നു. ഹൈബ്രിഡ്-ഇലക്ട്രിക് ബോട്ടുകളിലേക്ക് മാറാന്‍ താല്പര്യമുണ്ടെങ്കിലും അതിനുള്ള സാങ്കേതികവിദ്യ പൂര്‍ണ്ണ വളര്‍ച്ച കൈവരിച്ചിട്ടില്ലാത്തതും ഉയര്‍ന്ന പ്രാരംഭ ചെലവും ഇതിന് തടസ്സമാകുന്നു.
വ്യാഴാഴ്ച ഡീസല്‍ ലിറ്ററിന് 2.751 കനേഡിയന്‍ ഡോളറാണ് വില രേഖപ്പെടുത്തിയത്. ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്തവരെയും വിലവര്‍ധന ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷണം, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ട്രക്കുകളും ട്രെയിനുകളും ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. അതിനാല്‍ ഡീസല്‍ വില ഉയരുന്നത് ഗതാഗതച്ചെലവ് വര്‍ധിപ്പിക്കുകയും സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. ഉയര്‍ന്ന അസംസ്കൃത എണ്ണവിലയും ആഗോള ഡീസല്‍ ക്ഷാമവുമാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം.
