കാല്‍ഗറി: കാല്‍ഗറിയിലെ പ്രമുഖ പുനരുപയോഗ കേന്ദ്രമായ എക്കോ റീസൈക്ലിങ് (Ecco Recycling) പ്രദേശത്തിന് മുകളിലൂടെ അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തുന്നതിന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിലക്കേര്‍പ്പെടുത്തി. നിലവില്‍ തീപിടുത്തം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെങ്കിലും, അവശേഷിക്കുന്ന തീപ്പൊരികളും പുകയും പൂര്‍ണ്ണമായി ഇല്ലാതാക്കാനും വീണ്ടും തീ പടരുന്നത് തടയാനുമുള്ള തീവ്രശ്രമത്തിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍. തീയുടെ വ്യാപ്തിയും പുരോഗതിയും കൃത്യമായി കണ്ടുപിടിക്കാന്‍ ഫയര്‍ഫോഴ്‌സ് ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.
അടിയന്തര രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലകളില്‍ പൊതുജനങ്ങള്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം അടിയന്തര മേഖലകളില്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡ ഡ്രോണ്‍ പറത്തുന്നത് പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് 3,000 ഡോളര്‍ വരെ പിഴ ഈടാക്കുമെന്നും കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ സെപ്റ്റംബര്‍ 6-നാണ് ഈ സ്വകാര്യ ലാന്‍ഡ്ഫില്ലില്‍ ആദ്യമായി തീപിടുത്തമുണ്ടായത്. അടുത്ത ദിവസം തന്നെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും സെപ്റ്റംബര്‍ 8-ഓടെ വീണ്ടും തീ പടരുകയായിരുന്നു. സെപ്റ്റംബര്‍ 9 ആയപ്പോഴേക്കും മാലിന്യക്കൂമ്പാരങ്ങളിലേക്ക് തീ കൂടുതല്‍ പടര്‍ന്നുപിടിക്കുകയും പ്രദേശത്ത് കനത്ത പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 11-ന് ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 15-ഓടെ തീ വീണ്ടും നിയന്ത്രണവിധേയമാക്കിയെങ്കിലും അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
