Saturday, September 19, 2026

LGBTQ+ വേട്ടയുമായി തുര്‍ക്കി; അപലപിച്ച് ലോകരാജ്യങ്ങള്‍, മൗനം പാലിച്ച് കാനഡ

ഓട്ടവ: തുര്‍ക്കിയില്‍ എല്‍.ജി.ബി.ടി.ക്യു+ (LGBTQ+) സംഘടനകള്‍ക്കെതിരെ നടക്കുന്ന ശക്തമായ നടപടികളെ പരസ്യമായി അപലപിക്കാന്‍ മടിച്ച് കാനഡ. ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കിയുടെ നടപടിയെ ശക്തമായി വിമര്‍ശിച്ചപ്പോഴും കാനഡ ഈ വിഷയം നേരിട്ട് പരാമര്‍ശിക്കാന്‍ തയ്യാറായില്ല. തുര്‍ക്കിയുമായി സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കാനഡ മൗനം പാലിക്കുന്നത്.

കഴിഞ്ഞ ആഴ്ച തുര്‍ക്കിയിലെ വിവിധ എല്‍.ജി.ബി.ടി.ക്യു+ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും നേരെ സര്‍ക്കാര്‍ കടുത്ത നടപടികളാണ് സ്വീകരിച്ചത്. ഡസന്‍ കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും സംഘടനകളുടെ ഓഫീസുകളിലും കേന്ദ്രങ്ങളിലും റെയ്ഡ് നടത്തുകയും ചെയ്തു. തുര്‍ക്കിയില്‍ സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമല്ല എന്നിരുന്നാലും, പ്രതിഷേധങ്ങള്‍ തടയുകയും നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെയും കുടുംബ സംവിധാനത്തെയും പൊതു ക്രമസമാധാനത്തെയും സംരക്ഷിക്കാനാണ് ഈ അന്വേഷണമെന്നാണ് തുര്‍ക്കി നീതിപൂര്‍വ്വ മന്ത്രി അകിന്‍ ഗുര്‍ലെക് വ്യക്തമാക്കിയത്.

യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സ്, സ്വീഡന്‍, ഫിന്‍ലാന്റ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ഐസ്ലാന്റ് എന്നീ രാജ്യങ്ങളും ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ തുര്‍ക്കിയുടെ നടപടിയെ ശക്തമായി അപലപിച്ചു. ഏകദേശം 300-ഓളം പേര്‍ അറസ്റ്റിലായതായി അവകാശപ്പെടുന്ന ‘ILGA-Europe’ എന്ന സംഘടന, തുര്‍ക്കിയുടെ നടപടിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ഈ സംയുക്ത പ്രസ്താവനയില്‍ എന്തുകൊണ്ട് പങ്കാളിയായില്ല എന്ന ചോദ്യത്തിന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ നേരിട്ട് മറുപടി നല്‍കിയില്ല. പൊതുവായി വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസ്താവനയില്‍ തുര്‍ക്കിയുടെ പേര് പരാമര്‍ശിക്കാന്‍ കാനഡ തയ്യാറായില്ല. ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പരസ്യമായ വിമര്‍ശനം ഒഴിവാക്കുന്നതാണ് കാര്‍ണി സര്‍ക്കാരിന്റെ ശൈലി. വിദേശ രാജ്യങ്ങളെ പരസ്യമായി ഉപദേശിക്കുന്നതിനേക്കാള്‍ അടച്ചിട്ട മുറികളിലെ ചര്‍ച്ചകളാണ് കൂടുതല്‍ ഫലപ്രദമെന്നാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നിലപാട്.

അതേസമയം, ഇസ്രയേലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന കാനഡ സര്‍ക്കാര്‍ തുര്‍ക്കിയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ‘സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജ്യൂയിഷ് അഫയേഴ്‌സ്’ ആരോപിച്ചു. കഴിഞ്ഞ ജൂലൈയിലാണ് തുര്‍ക്കിയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിടുന്നതിനാലാണ് കാനഡ നയതന്ത്ര തലത്തില്‍ ഇത്തരം കടുത്ത നിലപാടുകളില്‍ നിന്ന് പിന്മാറുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!