ഓട്ടവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ കടുത്ത താരിഫുകളിൽ പ്രതിസന്ധിയിലായ കനേഡിയൻ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിക്കാൻ വൻ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. ധനസഹായത്തിനായി അപേക്ഷിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ വകുപ്പുകളിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്ന് നൂറുകണക്കിന് കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്. വിൻഡ്‌സർ-എസെക്‌സ് (Windsor-Essex) മേഖലയിലെ പ്രമുഖ വ്യവസായ കൂട്ടായ്മകളാണ് ഈ ആശങ്ക പരസ്യമാക്കി രംഗത്തുവന്നത്.
പദ്ധതികൾ ചുവപ്പുനാടയിൽ
ഫെഡറൽ സർക്കാരിന്റെ റീജനൽ താരിഫ് റെസ്‌പോൺസ് ഇനിഷ്യേറ്റീവ് (Regional Tariff Response Initiative – RTRI) പദ്ധതി വഴി ധനസഹായത്തിനായി നൂറിലധികം പ്രാദേശിക കമ്പനികൾ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അപേക്ഷകൾ പരിശോധിച്ച് ഫണ്ടുകൾ അനുവദിക്കുന്നതിൽ കടുത്ത മന്ദഗതിയാണ് സർക്കാർ തലത്തിൽ ഉണ്ടാകുന്നത്. അപേക്ഷാ പ്രക്രിയയിലെ സങ്കീർണ്ണതകളും യോഗ്യതാ മാനദണ്ഡങ്ങളിലെ വ്യക്തതക്കുറവും ബിസിനസ്സ് ഉടമകൾക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് വിൻഡ്‌സർ എസെക്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് റയൻ ഡൊണാലി വ്യക്തമാക്കി. ബിസിനസ്സുകളുടെ ആവശ്യാനുസരണം വേഗതയിൽ നീങ്ങാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാപാര യുദ്ധവും പ്രതിസന്ധിയും
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായതിനെ തുടർന്ന് കാനഡ മുൻപ് 7.5 ബില്യൺ ഡോളറിന്റെ വൻ താരിഫ് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നാണ് നിലവിലെ പരാതി. പെട്ടെന്നുണ്ടായ ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കനേഡിയൻ അധികൃതർ വ്യക്തമാക്കുന്നു
സതേൺ ഒന്റാരിയോ ഉൾപ്പെടെയുള്ള കാനഡയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൽപ്പാദനച്ചെലവ് കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തരമായി സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ കാനഡയിലെ പല ചെറുകിട ബിസിനസുകളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
