ഡൽഹി: ശിശുക്കൾക്കായുള്ള നാൻ എക്സല, ലാക്ടോജൻ പ്രോ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചട്ടലംഘന ആരോപണങ്ങളിൽ വിശദീകരണവുമായി നെസ്‌ലെ ഇന്ത്യ. ഉൽപന്നങ്ങളും അവയുടെ ലേബലുകളും ബാധകമായ എല്ലാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) വിദഗ്ധ സമിതി ഇവയുടെ ലേബലുകൾ അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
എഫ്എസ്എസ്എഐയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയത്തിൽ അധികൃതർക്ക് വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും ലേബലിലെ വിവരങ്ങൾ വസ്തുതാപരവും ശാസ്ത്രീയ പഠനങ്ങളുടെ പിന്തുണയുള്ളതുമാണെന്നും നെസ്‌ലെ ഇന്ത്യ അറിയിച്ചു. ബാധകമായ നിയമങ്ങളും മാനദണ്ഡങ്ങളും ലേബൽ പ്രഖ്യാപനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

‘നാൻ എക്സല പ്രോ സ്റ്റേജ് 1’, ‘ലാക്ടോജൻ പ്രോ 1’ തുടങ്ങിയ ശിശു പോഷകാഹാര ഉൽപന്നങ്ങളുടെ ലേബലുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ പ്രമോഷണൽ ഉള്ളടക്കങ്ങളും സംബന്ധിച്ചാണ് എഫ്എസ്എസ്എഐയുടെ പരിശോധനയും ചോദ്യങ്ങളും ഉയർന്നത്. പ്രത്യേകിച്ച് ഉൽപന്നത്തിന്റെ ദഹനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ഉൾപ്പെടെയുള്ള ലേബൽ വിവരങ്ങളെക്കുറിച്ച് വ്യക്തത തേടിയതായി റിപ്പോർട്ടുകളുണ്ട്.
