Tuesday, September 22, 2026

“മംദാനി മികച്ച മേയറായി മാറും”; സൊഹ്റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്തി ട്രംപ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയുമായി (Zohran Mamdani) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ ഔദ്യോഗിക വസതിയായ ഗ്രേസി മാന്‍ഷനില്‍ വച്ച് അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. അതിനുശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും വളരെ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് സംസാരിച്ചത്.

മംദാനി മികച്ചൊരു മേയറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നിലപാടുകളുള്ള മംദാനിയെ മാസങ്ങളായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിക്കാനുള്ള ഉദാഹരണമായി ട്രംപും റിപ്പബ്ലിക്കന്‍ നേതാക്കളും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, മുന്‍കാല വിമര്‍ശനങ്ങള്‍ മാറ്റിവെച്ച് ട്രംപ് നടത്തിയ ഈ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ താങ്ങാനാകുന്ന നിരക്കിലുള്ള ഭവന നിര്‍മ്മാണം, കുടിയേറ്റം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ ട്രംപുമായി വിശാലമായി ചര്‍ച്ച ചെയ്തതായി മേയര്‍ മംദാനി അറിയിച്ചു. വൈറ്റ് ഹൗസ് പരിസരത്ത് ചില മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഗ്രേസി മാന്‍ഷനിലെ ഈ ചടങ്ങില്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാന്‍ പൂര്‍ണ്ണ അവസരം നല്‍കുമെന്ന് താന്‍ ട്രംപിനോട് വ്യക്തമാക്കിയതായി മംദാനി മറുപടി നല്‍കി.

ഇതിനിടെ മാധ്യമങ്ങളെ ചൂണ്ടിക്കാട്ടി ട്രംപ് തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു. ചിലര്‍ തന്നെ ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും അങ്ങനെ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ ഗ്രേസി മാന്‍ഷന്‍ സന്ദര്‍ശനത്തിന് ചരിത്രപരമായ പ്രത്യേകതയുമുണ്ട്. 1981-ല്‍ അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ന്യൂയോര്‍ക്ക് മേയര്‍ എഡ് കോച്ചിനെ സന്ദര്‍ശിച്ചതിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഗ്രേസി മാന്‍ഷനിലെത്തുന്നത്. ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ അവസരത്തിലാണ് ട്രംപ് മംദാനിയുമായി ചര്‍ച്ച നടത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!