വാഷിങ്ടണ്‍: ഏഴ് മാസമായി തുടരുന്ന ഇറാന്‍ യുദ്ധവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് വരുത്തിയതായി പുതിയ സര്‍വേ ഫലം. റോയിട്ടേഴ്‌സും ഇപ്‌സോസും സംയുക്തമായി നടത്തിയ സര്‍വേ പ്രകാരം 32 ശതമാനം പേരുടെ പിന്തുണ മാത്രമാണ് നിലവില്‍ ട്രംപിനുള്ളത്. രണ്ട് ടേമുകളിലായി പ്രസിഡന്റ് പദവിയിലിരുന്ന ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്. ഒരാഴ്ച മുന്‍പ് 35 ശതമായിരുന്ന പിന്തുണയാണ് ഇപ്പോള്‍ 32 ശതമാനത്തിലേക്ക് താഴ്ന്നത്. ഇറാന്‍ യുദ്ധത്തിലെ തിരിച്ചടികളും ഇന്ധനവില വര്‍ധന മൂലം ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതുമാണ് ജനവികാരത്തെ പ്രതികൂലമായി ബാധിച്ചത്.
സ്വന്തം തട്ടകമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും ട്രംപിനുള്ള പിന്തുണയില്‍ വലിയ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ 82 ശതമാനം റിപ്പബ്ലിക്കന്‍മാര്‍ ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ പുതിയ സര്‍വേയില്‍ അത് 73 ശതമാനമായി കുറഞ്ഞു. ഒരൊറ്റ ആഴ്ച കൊണ്ട് ഒന്‍പത് ശതമാനത്തിന്റെ ഇടിവാണ് സ്വന്തം പാര്‍ട്ടിയില്‍ മാത്രം രേഖപ്പെടുത്തിയത്. രാജ്യത്തെ ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. പൊതുജനങ്ങളില്‍ 17 ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും 51 ശതമാനം പേരും ട്രംപിന്റെ സാമ്പത്തിക നയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

വിലക്കയറ്റം തടയുമെന്നും വിദേശ യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചാണ് 2025 ജനുവരിയില്‍ ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍, ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഗ്യാസോലിന്‍, ഡീസല്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നത് ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിച്ചു. ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ബുധനാഴ്ച ട്രംപ് സൂചന നല്‍കിയെങ്കിലും, യെമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
വരാനിരിക്കുന്ന യുഎസ് മിഡ്ടേം (മധ്യകാല) തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ട്രംപിന് തിരിച്ചടിയായി സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസിലെ നേരിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പൊരുതുമ്പോള്‍, ജീവിതച്ചെലവും ഇന്ധനവിലയുമാണ് വോട്ടര്‍മാരുടെ പ്രധാന തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ട്രംപ് തള്ളിയതും, അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണിയും പ്രതിസന്ധി നീളുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
