ടെഹാറാന്‍: യുഎസ്-ഇറാന് സംഘര്‍ഷം പുകയുന്നതിനിടെ, ഇറാന്റെ ആകാശത്ത് താഴ്ന്നു പറക്കുന്ന നിഗൂഢമായ അജ്ഞാത വസ്തു ജനങ്ങളില്‍ വലിയ ആശങ്കയും ആകാംക്ഷയും സൃഷ്ടിക്കുന്നു. രാത്രിയില്‍ ആകാശത്ത് തിളങ്ങുന്ന വെളിച്ചത്തോടെ താഴ്ന്നു പറക്കുന്ന ഒരു അജ്ഞാത വസ്തുവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 20-ന് ടെഹ്റാനിലെ അസാദേഗന്‍ എക്സ്പ്രസ്വേയ്ക്കു സമീപത്തു നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിഗൂഢ വസ്തുവിനെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും, ഇറാന് ഭരണകൂടം ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതൊരു ആധുനിക സൈനിക ഡ്രോണ്‍ ആണെന്നും, അതല്ല ഒന്നിലേറെ സൈനിക ഡ്രോണുകള്‍ ഒരുമിച്ച് പറക്കുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചയാണെന്നുമാണ് പ്രമുഖ നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍, അന്യഗ്രഹ ജീവികളുടെ പറക്കുംതളികയാണ് ഇതെന്ന തരത്തിലുള്ള പ്രചാരണങ്ങളും വിചിത്രമായ വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

ഈ സംഭവം 1976 സെപ്റ്റംബര്‍ 19-ന് ഇറാന്റെ ആകാശത്ത് നടന്ന ചരിത്രപരമായ മറ്റൊരു അജ്ഞാത വസ്തുവിന്റെ പ്രത്യക്ഷപ്പെടലിനെയും ജനങ്ങളുടെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുവന്നു. അന്ന് ആകാശത്ത് കണ്ട അജ്ഞാത വസ്തുവിനെ നേരിടാന്‍ ഇറാന് വ്യോമസേന യുദ്ധവിമാനങ്ങള്‍ അയച്ചിരുന്ന സംഭവം യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ പോലും രേഖപ്പെടുത്തിയിട്ടുള്ളതാണ്.
