ടൊറന്റോ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തിയ രണ്ട് വാഹനങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് ടൊറന്റോ പൊലീസ് പരിശോധിക്കുന്നു.
സ്കാർബറോയിലെ റീസർ റോഡിൽ രാത്രി 11.24ഓടെയാണ് ആദ്യ വാഹനത്തിന് തീപിടിച്ചതായി വിവരം ലഭിച്ചത്. വാഹനത്തിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഏകദേശം ഒന്നര മണിക്കൂറിന് ശേഷം എറ്റോബിക്കോക്കിലെ ജെയിംസ് ഗാർഡൻ പാർക്കിലും വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചു. പുകയും സ്ഫോടനസമാനമായ ശബ്ദവും കേട്ടതിനെ തുടർന്ന് പൊലീസ്-ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോൾ വാഹനത്തിനുള്ളിൽ മറ്റൊരു മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇരുവരുടെയും മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ഹോമിസൈഡ് യൂണിറ്റിനെയും വിവരം അറിയിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് അറിയിച്ചു.
