വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ ഹോപ്പിൽ ഫാർമസിയിൽ കുഞ്ഞിനൊപ്പം കയറിയ കറുത്ത കരടിയെ വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർ കൊന്നു. കരടിക്കുഞ്ഞിനെ പിടികൂടി വനപ്രദേശത്ത് തുറന്നുവിട്ടു.
ഞായറാഴ്ച ഉച്ചയോടെ വാലസ് സ്ട്രീറ്റിലെ ഫാർമസേവിൽ എത്തിയ അമ്മക്കരടിയും കുഞ്ഞും ഏകദേശം എട്ട് മിനിറ്റോളം കടയ്ക്കുള്ളിൽ ചുറ്റിനടന്നു. ജീവനക്കാർ ഉടൻ ഉപഭോക്താക്കളെ പുറത്താക്കി അധികൃതരെ വിവരമറിയിച്ചു. സംഭവത്തിനിടെ കടയിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.
പിന്നീട് സമീപത്തെ ജനവാസമേഖലയിൽ നിന്ന് ഇരുകരടികളെയും മയക്കുവെടിവച്ച് പിടികൂടി. പ്രദേശത്ത് മുമ്പും പ്രശ്നങ്ങളുണ്ടാക്കിയ അതേ കരടിയാണിതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊതുസുരക്ഷ കണക്കിലെടുത്ത് അമ്മക്കരടിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് കൊളംബിയ കൺസർവേഷൻ ഓഫീസർ സർവീസ് അറിയിച്ചു.

അതേസമയം, വനപ്രദേശങ്ങളിലെ ഭക്ഷണലഭ്യത കുറഞ്ഞതാണ് കരടികൾ ജനവാസമേഖലകളിലേക്ക് എത്താൻ കാരണമാകുന്നതെന്ന് പ്രാദേശിക വന്യജീവി പ്രവർത്തകർ പറഞ്ഞു. വേനൽക്കാലത്തെ കാട്ടുതീയും പ്രതികൂല കാലാവസ്ഥയും ബെറികളുടെ ലഭ്യത കുറച്ചതായും അവർ ചൂണ്ടിക്കാട്ടി.
ശൈത്യകാല നിദ്രയ്ക്ക് മുന്നോടിയായി കരടികൾക്ക് കൂടുതൽ ഭക്ഷണം ആവശ്യമായ സമയമാണിതെന്നും വന്യജീവി പ്രവർത്തകർ പറഞ്ഞു. മാലിന്യം സുരക്ഷിതമായി സൂക്ഷിക്കുക, വീണുകിടക്കുന്ന പഴങ്ങൾ നീക്കം ചെയ്യുക, വളർത്തുമൃഗങ്ങളുടെ ഭക്ഷണം പുറത്തുവെക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
