ടെഹ്റാൻ: തങ്ങൾ ലക്ഷ്യമിടുന്ന ഏത് സ്ഥലത്തേക്കും ആക്രമണം നടത്താൻ ഇറാന്റെ മിസൈലുകൾക്ക് ശേഷിയുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാനിയൻ സർക്കാർ മാധ്യമങ്ങളാണ് ഗാലിബാഫിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ മിസൈൽ ശേഷിയിൽ രാജ്യം യാതൊരു നിയന്ത്രണവും അംഗീകരിക്കില്ലെന്നും ഗാലിബാഫ് വ്യക്തമാക്കി. സാമ്പത്തികം, സൈനികം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ തുടരുന്ന ‘ഹൈബ്രിഡ്’ പോരാട്ടത്തിൽ ഇറാൻ ഒരിക്കലും വഴങ്ങില്ലെന്നും രാജ്യത്തിന്റെ മുന്നേറ്റം തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാന്റെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഗാലിബാഫ്, ഇതുവരെ ചെയ്തതുപോലെ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ തയ്യാറാണെന്നും അവകാശപ്പെട്ടു. വിവിധ മേഖലകളിൽ എതിരാളികളെ നേരിടാൻ ഇറാന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ ഇറാനുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്ക തയ്യാറാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എൻ.ബി.സി ന്യൂസിന്റെ ‘ടുഡേ’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം.

നിലവിൽ കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, ക്രിയാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെങ്കിൽ ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക തയ്യാറാണെന്ന് റൂബിയോ പറഞ്ഞു.
എന്നാൽ ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവപദ്ധതിയെച്ചൊല്ലിയുള്ള അന്താരാഷ്ട്ര ആശങ്കകൾ തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുന്നത്. മിസൈൽ ശേഷിയിൽ നിയന്ത്രണങ്ങൾ അംഗീകരിക്കില്ലെന്ന ഇറാന്റെ നിലപാടും ആണവായുധം സംബന്ധിച്ച അമേരിക്കയുടെ കടുത്ത നിലപാടും സംഘർഷത്തിനൊപ്പം നയതന്ത്ര ചർച്ചകൾക്കും സാധ്യത നിലനിൽക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്.
