Wednesday, September 23, 2026

GTAയിൽ വൻ പൊലീസ് നടപടി; 23 തോക്കുകൾ പിടിച്ചെടുത്തു; നാല് പേർ അറസ്റ്റിൽ

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) പ്രവർത്തിച്ചിരുന്ന തോക്ക് കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് പീൽ റീജനൽ പൊലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിൽ 23 തോക്കുകളും 951 റൗണ്ട് വെടിയുണ്ടകളും 824.75 ഗ്രാം കൊക്കെയ്നും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

2025 ഒക്ടോബറിൽ ആരംഭിച്ച് 2026 ജൂലൈ വരെ നടത്തിയ ‘പ്രോജക്ട് റെഡ് സോൺ’ എന്ന രഹസ്യ അന്വേഷണത്തിലാണ് വൻതോതിലുള്ള ആയുധശേഖരം കണ്ടെത്തിയത്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെയും ക്രിമിനൽ ഇന്റലിജൻസ് സർവീസ് ഒന്റാരിയോയുടെയും (CISO) സഹകരണത്തോടെയാണ് അന്വേഷണം നടത്തിയത്.

പിടിച്ചെടുത്ത തോക്കുകളിൽ ഒന്ന് 2024 മാർച്ചിൽ മിസിസാഗയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

പിടിച്ചെടുത്ത 23 തോക്കുകളിൽ 15 എണ്ണം യുഎസിൽ നിന്നാണ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിടിച്ചെടുത്ത ആയുധങ്ങളിൽ ചിലത് കാനഡയിൽ നിരോധിത വിഭാഗത്തിൽപ്പെടുന്നവയാണ്. കൂടാതെ, പിടിച്ചെടുത്ത തോക്കുകളിൽ ചിലത് ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ നടന്ന 14 വെടിവെപ്പ് കേസുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സ്കാർബറോ സ്വദേശിയായ 24കാരൻ സ്റ്റീഫൻ പ്രകാശ് കോൺസാല, അജാക്സ് സ്വദേശിനിയായ 24കാരി അക്ഷയ ശ്രീകാന്തൻ, മിസിസാഗ സ്വദേശിയായ 28കാരൻ സാമി ഷെയ്ഖ്, ടൊറന്റോ സ്വദേശിയായ 23കാരൻ ജാനോജ് ധയബരൻ എന്നിവരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര ആയുധക്കടത്ത്, ലഹരിമരുന്ന് വിതരണം, നിരോധിത ആയുധങ്ങൾ കൈവശം വെക്കൽ എന്നിവയുൾപ്പെടെ 58 ക്രിമിനൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ വർഷം ഇതുവരെ പീൽ റീജനൽ പൊലീസ് 125 ക്രൈം ഗണുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. വിവിധ നിയമസംവിധാനങ്ങൾ തമ്മിലുള്ള സഹകരണവും ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള അന്വേഷണവും അനധികൃത തോക്ക് വ്യാപാരത്തിനെതിരായ നടപടികളിൽ നിർണായകമാണെന്ന് ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പീൽ റീജനൽ പൊലീസിന്റെ സ്പെഷ്യലൈസ്ഡ് എൻഫോഴ്സ്മെന്റ് ബ്യൂറോയുമായി 905-453-2121, എക്സ്റ്റൻഷൻ 3515 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!