Wednesday, September 23, 2026

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നത; രണ്ട് കമ്മീഷണർമാർ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തി

ഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. വോട്ടർപട്ടിക പരിഷ്‌കരണം, പുതിയ വോട്ടർമാരുടെ രജിസ്‌ട്രേഷൻ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ ഇരുവരും രേഖാമൂലം വിയോജിപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്.

‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചില സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കിയതെന്നും ചില നടപടികൾ നിയമപരമായ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും സന്ധുവും ജോഷിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരുദിവസം തന്നെ നാല് തവണ വരെ വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യവും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ഭിന്നത

2025 ജൂണിൽ ബിഹാറിൽ ആരംഭിച്ച തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടികൾ പിന്നീട് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കിയിരുന്നു. കരട് വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ ഒഴിവാക്കിയതിനെ തുടർന്ന് നടപടി രാഷ്ട്രീയമായും നിയമപരമായും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ തന്നെ രണ്ട് അംഗങ്ങൾ ചില തീരുമാനങ്ങളെ ചോദ്യം ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഫോം 6ലെ മാറ്റത്തിലും എതിർപ്പ്

പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ൽ അപേക്ഷകനോ മാതാപിതാക്കളോ മുത്തശ്ശൻ-മുത്തശ്ശിയോ മുൻ SIR വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നോ എന്നത് സംബന്ധിച്ച പുതിയ ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ സന്ധുവും ജോഷിയും എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ ഇത്തരമൊരു മാറ്റം നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെടാമെന്നായിരുന്നു ഇരുവരുടെയും നിലപാട്. മാറ്റം പിൻവലിക്കണമെന്നും സന്ധു ആവശ്യപ്പെട്ടതായി റിപ്പോർട്ടിലുണ്ട്.

വോട്ടർപട്ടികയുടെ ഐടി നിയന്ത്രണത്തിലും തർക്കം

വോട്ടർപട്ടിക തയ്യാറാക്കുന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ അധികാരം ഡൽഹിയിലെ ഐടി സംവിധാനത്തിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരെയും രണ്ട് കമ്മീഷണർമാർ എതിർപ്പ് അറിയിച്ചതായി റിപ്പോർട്ട്.

സംസ്ഥാനതല ഉദ്യോഗസ്ഥർക്ക് സോഫ്റ്റ്‌വെയർ ഉപയോഗത്തിലും വോട്ടർ ഡാറ്റ കൈകാര്യം ചെയ്യുന്നതിലും ആവശ്യമായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നായിരുന്നു പരാതിയെന്നാണ് റിപ്പോർട്ട്. ഐടി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് നിയമപരമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അധികാരം നിയന്ത്രിക്കാനാകുമോ എന്നതും ചോദ്യം ചെയ്തതായി റിപ്പോർട്ടിലുണ്ട്.

പശ്ചിമ ബംഗാളിലെ അപ്പീലുകളിലും ചോദ്യം

പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് 16.10 ലക്ഷം പേരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലുകളിൽ അപ്പീൽ നൽകിയത് സംബന്ധിച്ചും സന്ധു വിശദീകരണം തേടിയതായി റിപ്പോർട്ടിൽ പറയുന്നു.

തങ്ങളുടെയോ പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറുടെയോ അറിവില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ അപ്പീലുകൾ സമർപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഗോവയിലെ 97 വോട്ടർമാരുടെ വിഷയവും

സോഫ്റ്റ്‌വെയർ സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് രേഖകൾ സമർപ്പിച്ച് യോഗ്യത തെളിയിച്ച 97 വോട്ടർമാരെ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ കഴിയാതെ വന്നതായും റിപ്പോർട്ടിൽ പറയുന്നു.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്ന് ഗോവയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

നിയമനത്തെച്ചൊല്ലിയും രാഷ്ട്രീയ ചർച്ച

2023ലെ നിയമപ്രകാരം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്. ജ്ഞാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് നിലവിലെ മൂന്നംഗ കമ്മീഷനിലുള്ളത്.

കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കമ്മീഷണർമാരും പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!