Thursday, September 24, 2026

‘ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹി, ഉടന്‍ രാജിവയ്ക്കണം’; രാജ്യവ്യാപക പ്രതിഷേധത്തിന് CJP

ന്യൂഡല്‍ഹി: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രംഗത്തെത്തി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സിജെപി നേതാക്കള്‍ 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിക്കണമെന്ന അന്ത്യശാസനം നല്‍കി. ആവശ്യം അംഗീകരിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ ക്രമക്കേടുകളും വോട്ടര്‍ പട്ടികയിലെ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് സിജെപി ഈ രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടി സ്ഥാപകനും ദേശീയ കണ്‍വീനറുമായ അഭിജീത് ദീപ്കെ, സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സിജെപി നേതാക്കള്‍ വച്ചിട്ടുള്ളത്:

1.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഉടനടിയുള്ള രാജി.

2. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ത്തിവെക്കുക.

3. 2023-ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനരീതി പുനഃസ്ഥാപിക്കുക.

ഗ്യാനേഷ് കുമാര്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ ‘ജന്തര്‍ മന്തര്‍ 2.0’ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.ഗ്യാനേഷ് കുമാറിനെ രൂക്ഷമായ ഭാഷയിലാണ് സിജെപി വിമര്‍ശിച്ചത്. അദ്ദേഹം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയെ സഹായിക്കുകയാണെന്നും അഭിജീത് ദീപ്കെ ആരോപിച്ചു.

പ്രതിപക്ഷ ശക്തി കേന്ദ്രങ്ങളെ ഇല്ലാതാക്കുന്ന രീതിയിലാണ് കമ്മീഷന്റെ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, എം.കെ. സ്റ്റാലിന്‍, പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ ഉദാഹരണങ്ങളും നിരത്തി. ശക്തരായ പ്രതിപക്ഷ മുഖങ്ങളെ അനാവശ്യമായി ലക്ഷ്യമിട്ട് വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ വെട്ടിനിരത്തല്‍ നടത്തുന്നുണ്ടെന്നും ദീപ്കെ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ അധികാര തുടര്‍ച്ചയ്ക്ക് പിന്നില്‍ ഗ്യാനേഷ് കുമാറിന്റെ ഒത്താശയാണെന്ന് സിജെപി ആരോപിച്ചു. മുന്‍പ് ജയിക്കാന്‍ സാധിക്കാത്ത മേഖലകളില്‍ പോലും ബിജെപി നിലവില്‍ അവിശ്വസനീയ വിജയങ്ങള്‍ നേടുന്നത് ഇതിന് തെളിവാണെന്ന് നേതാക്കള്‍ പറഞ്ഞു. ഗോവയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച സൗരവ് ദാസ്, പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ കയറുന്നത് മനഃപൂര്‍വം തടയുകയാണെന്നും ഇതിനെതിരെ കമ്മീഷനകത്ത് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും വാദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!