വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്ത ഷി ജിന്‍പിങ്, നിര്‍മ്മിത ബുദ്ധി (എഐ) മേഖലയിലെ ചര്‍ച്ചകളുടെ പ്രാധാന്യം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. എഐ സാങ്കേതികവിദ്യ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും ഇതിന്റെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എഐ രംഗത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും തമ്മില്‍ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും ഷി വ്യക്തമാക്കി.
ചൈനയുടെ പുനരുജ്ജീവനവും അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതും (Make America Great Again) ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടേണ്ടതെന്ന് ഷി ജിന്‍പിങ് പറഞ്ഞു. പരസ്പരമുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭരണരീതികളിലും ദേശീയ സാഹചര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും, തുറന്നതും ആഴത്തിലുള്ളതുമായ തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് പൊതുവായ വിഷയങ്ങളില്‍ ധാരണയിലെത്താന്‍ സാധിക്കും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ വലിയ രണ്ട് ശക്തികള്‍ എന്ന നിലയില്‍ ഇരുരാജ്യങ്ങളും സമാധാനത്തോടെ സഹവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര സഹകരണത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിക്കും; എന്നാല്‍ നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടല്‍ ഇരുപക്ഷത്തിനും വലിയ നഷ്ടമേ വരുത്തിവെക്കൂ എന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.
