തിരുവനന്തപുരം: പ്രശസ്ത ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തല്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭിക്കുന്നതിന് മുന്‍പേ തന്നെ കരാറില്‍ ഒപ്പിട്ടതായും, അനുമതിയില്ലാതെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനെ സാക്ഷിയാക്കിയതായും എസ്ഐടി കണ്ടെത്തി.
കായിക മന്ത്രിയായിരുന്ന വി. അബ്ദുറഹിമാന്റെ ഇ-മെയില്‍ ഔദ്യോഗിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ, കേസില്‍ ആദ്യമുണ്ടായിരുന്ന സ്പോണ്‍സര്‍മാരെ ഒഴിവാക്കിയ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന അന്വേഷണ സംഘം, മുന്‍ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് കൈമാറും. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തി കേസെടുക്കണമെന്ന ശിപാര്‍ശയോടെയാണ് പ്രാഥമിക റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കുന്നത്.
