Friday, September 25, 2026

ടെക് ലോകത്ത് വേറിട്ട ചുവടുവെപ്പ്; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ ആമസോണ്‍

ന്യൂഡല്‍ഹി: ടെക് വ്യവസായ മേഖലയില്‍ പിരിച്ചുവിടലുകള്‍ തുടരുന്നതിനിടെ ആഗോള ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമനായ ആമസോണില്‍ നിന്ന് വേറിട്ട വാര്‍ത്ത. മുന്‍പ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ കമ്പനി നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി (AI), മെഷീന്‍ ലേണിങ് എന്നീ സാങ്കേതിക മേഖലകളില്‍ നിന്ന് ഒഴിവാക്കിയ ജീവനക്കാരെയാണ് പ്രധാനമായും തിരിച്ചെടുക്കുന്നത്. ബിസിനസ് ഇന്‍സൈഡറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ആമസോണ്‍ വെബ് സര്‍വീസസ് (AWS) വൈസ് പ്രസിഡന്റ് സ്വാമി ശിവസുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള എഐ ടീമിലേക്ക് മുന്‍ ജീവനക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെട്ടു തുടങ്ങി. കൂടാതെ, എഡബ്ല്യുഎസിലെ ഫിനാന്‍സ് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെയും തിരിച്ചെടുക്കാന്‍ പദ്ധതിയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുപ്പതിനായിരത്തിലേറെ തസ്തികകളാണ് ആമസോണ്‍ വെട്ടിക്കുറച്ചത്. 2025 ഒക്ടോബറില്‍ 14,000 കോര്‍പ്പറേറ്റ് തസ്തികകളും 2026 ജനുവരിയില്‍ 16,000 തസ്തികകളും കമ്പനി റദ്ദാക്കിയിരുന്നു.

നിലവില്‍ ഗൂഗിള്‍, മെറ്റാ, ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ വമ്പന്‍ ടെക് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം മൂലം എഐ മേഖലയില്‍ വിദഗ്ധരായ ജീവനക്കാരുടെ വലിയ ക്ഷാമമുണ്ട്. പുതിയ ആളുകളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനേക്കാള്‍ കമ്പനിയുടെ പ്രവര്‍ത്തന രീതിയും സാങ്കേതിക സംവിധാനങ്ങളും വ്യക്തമായി അറിയാവുന്ന മുന്‍ ജീവനക്കാരെ നിയമിക്കുന്നത് വേഗത്തില്‍ ഫലം ചെയ്യുമെന്നാണ് ആമസോണിന്റെ വിലയിരുത്തല്‍.

എന്നാല്‍, പിരിച്ചുവിട്ടവര്‍ക്ക് വേണ്ടി മാത്രമായി പുതിയ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ആമസോണ്‍ വക്താവ് ഹേലി സില്‍വ വ്യക്തമാക്കി. മുന്‍ ജീവനക്കാരെ തിരികെ നിയമിക്കുന്നത് കമ്പനിയില്‍ നിലവിലുള്ള സാധാരണ പ്രക്രിയ മാത്രമാണെന്നും, ഒഴിവുകള്‍ക്കനുസരിച്ച് അനുയോജ്യരായവരെ പരിഗണിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ജീവനക്കാര്‍ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന (Work from Office) കമ്പനി നയത്തില്‍ മാറ്റമുണ്ടാകില്ലെന്നും ആമസോണ്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!