Saturday, September 26, 2026

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി: പൂനെയിലും നാസിക്കിലും പ്രദർശനം റദ്ദാക്കി

മുംബൈ: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പൂനെയിലും നാസിക്കിലും നടത്താനിരുന്ന പ്രദർശനങ്ങൾ റദ്ദാക്കി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലാത്തതിനാൽ പ്രദർശനം നിയമവിരുദ്ധമാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് പരിപാടികൾ റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു.

പൂനെയിലും വർക്കിങ് ടൈറ്റിൽ ഫിലിം ക്ലബ്ബും സത്യശോധക് വിദ്യാർഥി സംഘടനയും ചേർന്നാണ് ശനിയാഴ്ച വൈകിട്ട് ആറിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രദർശനം നടത്തിയാൽ സംഘാടകരും കാണികളും ഉൾപ്പെടെയുള്ളവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് വ്യാഴാഴ്ച പൊലീസ് അറിയിച്ചതായി ഫിലിം ക്ലബ് അംഗങ്ങൾ പറഞ്ഞു.

എന്നാൽ, പ്രദർശനം നടത്തിയാൽ ഏത് നിയമവകുപ്പുകൾ പ്രകാരമാണ് കേസെടുക്കുകയെന്ന കാര്യത്തിൽ പൊലീസ് വ്യക്തമായ വിശദീകരണം നൽകിയില്ലെന്നും സംഘാടകർ ആരോപിച്ചു.

നാസിക്കിലും സമാനമായ നടപടിയാണ് ഉണ്ടായത്. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമാകുമെന്ന് വ്യാഴാഴ്ച പൊലീസ് ഫോണിലൂടെ അറിയിച്ചതായി ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ അറിയിച്ചു.

ലളിത് വച്ചാനി സംവിധാനം ചെയ്ത ‘പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്‘ എന്ന ഡോക്യുമെന്ററി ഉമർ ഖാലിദിന്റെ ജീവിതത്തെയും കേസിനെയും കേന്ദ്രീകരിച്ചുള്ളതാണ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കുറ്റം ചുമത്തി യുഎപിഎ പ്രകാരം ജയിലിൽ കഴിയുകയാണ് ഖാലിദ്.

ഡോക്യുമെന്ററിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ഐഐഐടി ക്യാമ്പസ് ഉൾപ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളിലും ചിത്രത്തിന്റെ പ്രദർശനം തടഞ്ഞതായി സംഘാടകർ പറയുന്നു.

പ്രദർശനങ്ങൾ റദ്ദാക്കിയതോടെ സിനിമയുടെ സർട്ടിഫിക്കേഷൻ, പ്രദർശനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!