Saturday, September 26, 2026

ബ്രാംപ്ടണിൽ 78കാരിയെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നു

ടൊറന്റോ: ഒന്റാരിയോയിലെ ബ്രാംപ്ടണിൽ വൈകുന്നേര നടത്തത്തിനിറങ്ങിയ 78 വയസ്സുകാരിയായ ഇന്ത്യൻ വംശജയിൽ നിന്ന് വിലകൂടിയ സ്വർണാഭരണങ്ങൾ കവർന്നു. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 38,200ലധികം കനേഡിയൻ ഡോളർ (ഏകദേശം 26 ലക്ഷം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കാനഡയിൽ വലിയ തോതിൽ ഇന്ത്യൻ വംശജരും മലയാളികളും താമസിക്കുന്ന ബ്രാംപ്ടണിൽ നടന്ന ഈ സംഭവം പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

പതിവുപോലെ വീടിനടുത്തുള്ള റോഡിലൂടെ വൈകുന്നേരം നടക്കുകയായിരുന്ന വയോധികയുടെ അരികിലേക്ക് ഒരു കാർ വന്നുനിന്നു. കാറിലുണ്ടായിരുന്നവർ വഴി ചോദിക്കാനെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടയിൽ വയോധികയുടെ ശ്രദ്ധ തിരിച്ച്, കഴുത്തിലുണ്ടായിരുന്ന യഥാർത്ഥ സ്വർണമാലയും കൈയിലുണ്ടായിരുന്ന വളകളും കവർച്ചക്കാർ തട്ടിയെടുക്കുകയായിരുന്നു. ഇതിന് പകരമായി ഒരു വ്യാജ മാല ഇവരുടെ കഴുത്തിൽ അണിയിക്കുകയും ചെയ്തു. കാർ പോയ ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വൃദ്ധ തിരിച്ചറിഞ്ഞത്.

നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾക്ക് വിപണി വിലയേക്കാൾ വലിയ വൈകാരിക മൂല്യമുണ്ടായിരുന്നു എന്ന് വയോധികയുടെ കുടുംബം വ്യക്തമാക്കുന്നു. 1971-ൽ വിവാഹസമയത്ത് ഇവരുടെ അന്തരിച്ച ഭർത്താവ് സ്വന്തമായി നിർമ്മിച്ച് നൽകിയ ആഭരണങ്ങളായിരുന്നു ഇവ. ഏകദേശം 110 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്.

സംഭവത്തിൽ പീൽ റീജനൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ വയോധികയുടെ കുടുംബം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് കാനഡയിലെ വിവിധ നഗരങ്ങളിൽ ഇത്തരം കവർച്ചകൾ വർദ്ധിച്ചുവരികയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

  • വൈകുന്നേരങ്ങളിലോ പുലർച്ചെയോ ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങുമ്പോൾ വിലകൂടിയ സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.
  • അപരിചിതരായ ആളുകൾ കാറിലിരുന്ന് വഴി ചോദിക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്താൽ കൃത്യമായ അകലം പാലിക്കുക.
  • അമിത സൗഹൃദം കാണിച്ച് അരികിലേക്ക് വരുന്നവരെ സംശയത്തോടെ വീക്ഷിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!