Monday, September 28, 2026

സ്വകാര്യ മേഖലയ്ക്ക് നല്‍കിയിട്ടും കാത്തിരിപ്പ് കുറയുന്നില്ല; ഒന്റാരിയോയുടെ ആരോഗ്യ നയത്തിനെതിരെ വിമര്‍ശനം

ടൊറന്റോ: സ്വകാര്യ ക്ലിനിക്കുകള്‍ക്ക് (For-Profit Clinics) ശസ്ത്രക്രിയകളും ഇമേജിംഗ് സേവനങ്ങളും ഔട്ട്സോഴ്സ് ചെയ്യുന്നത് വഴി രോഗികളുടെ കാത്തിരിപ്പ് സമയം കുറയുന്നില്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് (CCPA) തിങ്കളാഴ്ച പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

പൊതുജനാരോഗ്യ മേഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് പകരം സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതോടെ ഒന്റാരിയോയില്‍ പല പ്രധാന പരിശോധനകളുടെയും ശസ്ത്രക്രിയകളുടെയും കാത്തിരിപ്പ് സമയം വര്‍ധിക്കുകയാണുണ്ടായതെന്ന് സി.സി.പി.എ മുതിര്‍ന്ന ഗവേഷകനുമായ ആന്‍ഡ്രൂ ലോംഗ്ഹര്‍സ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:

കാത്തിരിപ്പ് സമയം വര്‍ധിച്ചു: കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ ഡാറ്റ പ്രകാരം 2017 നും 2025 നും ഇടയില്‍ പ്രധാനപ്പെട്ട 12 പരിശോധനകളില്‍ 8 എണ്ണത്തിന്റെയും ശരാശരി കാത്തിരിപ്പ് സമയം വര്‍ദ്ധിച്ചു.

കാറ്ററാക്ട്, എം.ആര്‍.ഐ (MRI) പരിശോധനകള്‍: തിമിര ശസ്ത്രക്രിയകളുടെ (Cataract Surgeries) ശരാശരി കാത്തിരിപ്പ് സമയം 2017-ലെ 67 ദിവസത്തില്‍ നിന്ന് 2025-ല്‍ 68 ദിവസമായി ഉയര്‍ന്നു. എം.ആര്‍.ഐ സ്‌കാനുകള്‍ക്കുള്ള കാത്തിരിപ്പ് സമയം 35 ദിവസത്തില്‍ നിന്ന് 47 ദിവസമായി (35 ശതമാനം വര്‍ധന) വര്‍ധിച്ചു.

ഉയര്‍ന്ന നിരക്കുകള്‍: പൊതു ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ ക്ലിനിക്കുകളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വലിയ ചെലവ് വരുന്നുണ്ട്. ഡോണ്‍ മില്‍സ് സര്‍ജിക്കല്‍ യൂണിറ്റില്‍ നടത്തുന്ന തിമിര ശസ്ത്രക്രിയകള്‍ക്ക് പൊതു ആശുപത്രികളേക്കാള്‍ ഇരട്ടിയിലേറെ ചെലവ് വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയിലെ നിക്ഷേപം: 2024-25 കാലയളവില്‍ ഏകദേശം 674 മില്യണ്‍ ഡോളറാണ് ഒന്റാറിയോയിലെ സ്വകാര്യ ശസ്ത്രക്രിയ, ഇമേജിംഗ് മേഖലയ്ക്ക് നല്‍കിയത്. ഇത് 2017-18 നെ അപേക്ഷിച്ച് 48 ശതമാനം കൂടുതലാണ്.

സര്‍ക്കാരിന്റെ വിശദീകരണം:

എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഒന്റാരിയോ ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സിന്റെ വക്താവ് ലിലി ബാര്‍ണ്‍സ് പ്രതികരിച്ചു. ലോകത്തിലെ തന്നെ മികച്ച സൗജന്യ പൊതുജനാരോഗ്യ സംവിധാനമാണ് ഒന്റാരിയോയിലുള്ളതെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷമായി ആശുപത്രി ഫണ്ടുകളില്‍ വലിയ വര്‍ധന വരുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കമ്മ്യൂണിറ്റി സര്‍ജിക്കല്‍ സെന്ററുകള്‍ വഴി സര്‍വീസുകള്‍ വ്യാപിപ്പിച്ചതിലൂടെ ഓരോ വര്‍ഷവും 32,000 അധിക ആളുകള്‍ക്ക് തിമിര ശസ്ത്രക്രിയയും, 1.2 മില്യണ്‍ ആളുകള്‍ക്ക് എം.ആര്‍.ഐ/സി.ടി സ്‌കാനുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആളുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ ഒ.എച്ച്.ഐ.പി (OHIP) കാര്‍ഡ് വഴി സൗജന്യമായി തന്നെ സേവനങ്ങള്‍ ലഭിക്കുന്നത് തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

പൊതു ആശുപത്രികള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കാനും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഓപ്പറേഷന്‍ തിയേറ്ററുകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനും നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട്, സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!