ടൊറന്റോ: നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രമുഖ സ്വീറ്റ് ട്രീറ്റ് ബ്രാന്‍ഡായ ‘ലിറ്റില്‍ ഡെബി’ (Little Debbie) കനേഡിയന്‍ വിപണയില്‍ തിരിച്ചെത്തുന്നു. സ്കൂളുകള്‍ തുറക്കുന്ന സീസണോട് അനുബന്ധിച്ച് ഒന്റാരിയോയിലെ ലോബ്ലോസ് (Loblaws), റിയല്‍ കനേഡിയന്‍ സൂപ്പര്‍സ്റ്റോര്‍ (Real Canadian Superstore), മാക്സി (Maxi) എന്നീ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ വഴി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയതായി നിര്‍മ്മാതാക്കളായ മക്കീ ഫുഡ്സ് കോര്പ്പറേഷന് (McKee Foods Corporation) അറിയിച്ചു.
ലിറ്റില്‍ ഡെബിയുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളായ സ്വിസ് റോള്‍സ് (Swiss Rolls), ഹണി ബണ്സ് (Honey Buns), ഓട്മീല്‍ ക്രീം പൈസ് (Oatmeal Creme Pies), കോസ്മിക് ബ്രൗണീസ് (Cosmic Brownies) എന്നിവ രാജ്യത്തെ പ്രമുഖ സ്റ്റോറുകളില്‍ വീണ്ടും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഘട്ടം ഘട്ടമായി കനേഡിയന്‍ വിപണിയില്‍ വീണ്ടും എത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി വക്താവ് മൈക്ക് ഗ്ലോക്ക്ലര് ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് എന്ന് ലഭ്യമാവുക എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ കമ്പനി പിന്നീട് അറിയിക്കും.
കാനഡയിലെ ഏക വിതരണക്കാരുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് 2022-ലാണ് ലിറ്റില്‍ ഡെബി ഉല്‍പ്പന്നങ്ങള്‍ കനേഡിയന്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷമായത്. വിപണിയിലേക്കുള്ള ഈ തിരിച്ചുവരവ് കാനഡയിലെ മധുര പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
