കാല്‍ഗറി: കാനഡയില്‍ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 764 നെറ്റ്വര്‍ക്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനേഴുകാരനെതിരെ പൊലീസ് കേസെടുത്തു. കാനഡയിലെ ആല്‍ബര്‍ട്ടയിലുള്ള ലെത്ത്ബ്രിഡ്ജിലാണ് സംഭവം. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ (RCMP) ദേശീയ സുരക്ഷാ വിഭാഗമായ ഇന്‍സെറ്റാണ് (INSET) കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഭീകരവാദം, ബാലപീഡനം, മൃഗങ്ങളോടുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
കൗമാരക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് ടെലിഗ്രാം, ഡിസ്‌കോര്‍ഡ്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഇരകളെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയും, സ്വയം ഉപദ്രവിക്കാനും ലൈവ് സ്ട്രീമിലൂടെ മൃഗങ്ങളെ ഉപദ്രവിക്കാനും നിര്‍ബന്ധിക്കുകയുമാണ് ഇവരുടെ രീതി. വഴങ്ങാത്തവരുടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

2025-ല്‍ ലോകത്ത് ആദ്യമായി ‘764’ എന്ന ഈ ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യമാണ് കാനഡ. 10 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇത്തരക്കാരുടെ പ്രധാന ഇരകളെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസ് ഒക്ടോബര്‍ 14-ന് കോടതി പരിഗണിക്കും.
