ഓട്ടവ: രാജ്യത്തെ ജനാധിപത്യത്തില്‍ ആളുകള്‍ക്കുളള വിശ്വാസം കുറയുന്നു.
വെറും 12 ശതമാനം ആളുകള്‍ മാത്രമാണ് ‘വലിയ പ്രതീക്ഷ’ പുലര്‍ത്തുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ പഠന റിപ്പോര്‍ട്ട്. 17 ശതമാനം പേര്‍ക്ക് ജനാധിപത്യത്തില്‍ ‘തീരെ പ്രതീക്ഷയില്ല’ എന്ന് വ്യക്തമാക്കിയപ്പോള്‍, ബാക്കി 71 ശതമാനം ആളുകള്‍ നേരിയതോ മിതമായതോ ആയ പ്രതീക്ഷ മാത്രമാണ് പങ്കുവെച്ചത്. രാജ്യത്തെ 15 വയസ്സിന് മുകളിലുള്ളവരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ‘ടേക്കിംഗ് ദി പള്‍സ്: പെര്‍സെപ്ഷന്‍സ് ഓഫ് ഡെമോക്രസി ഇന്‍ കാനഡ’ എന്ന പേരില്‍ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജനാധിപത്യത്തില്‍ ഒട്ടും പ്രതീക്ഷയില്ലാത്ത ആളുകള്‍ രാഷ്ട്രീയമായി കൂടുതല്‍ സജീവമാണെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം വ്യക്തികള്‍ ഓണ്‍ലൈന്‍ ഹര്‍ജികളില്‍ ഒപ്പുവെക്കാനും, രാഷ്ട്രീയ വിഷയങ്ങളില്‍ ഗവേഷണം നടത്താനും, ധാര്‍മ്മിക കാരണങ്ങളാല്‍ ചില ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും കൂടുതല്‍ താല്പര്യം കാണിക്കുന്നു. അതേസമയം, പ്രതീക്ഷയുള്ളവരും ഇല്ലാത്തവരും വോട്ട് രേഖപ്പെടുത്തുന്നതില്‍ തുല്യ പങ്കാളിത്തമാണ് വഹിക്കുന്നത്. 2021-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം ഇരുവിഭാഗത്തിലും സമാനമായിരുന്നു.

മാധ്യമങ്ങള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍, ശാസ്ത്രീയ വിവരങ്ങള്‍ എന്നിവയിലുള്ള വിശ്വാസത്തിലും വലിയ വ്യത്യാസമുണ്ട്. ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ളവര്‍ മാധ്യമ വാര്‍ത്തകളെ കൂടുതല്‍ വിശ്വസിക്കുമ്പോള്‍ (59%), പ്രതീക്ഷയില്ലാത്തവരില്‍ 17 ശതമാനം പേര്‍ മാത്രമാണ് വാര്‍ത്താ മാധ്യമങ്ങളെ വിശ്വസിക്കുന്നത്. ഫെഡറല്‍ പാര്‍ലമെന്റ്, സ്‌കൂളുകള്‍, കോടതികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷ കുറഞ്ഞ വിഭാഗത്തില്‍ വളരെ താഴെയാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
