ഹാമില്ട്ടണ്: ഹാമില്‍ട്ടണിലെ സ്റ്റെല്‍ക്കോ (Stelco Holdings Inc.) സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനുളള കമ്പനിയുടെ നടപടിയില്‍ കടുത്ത അമര്‍ഷവും നിരാശയും രേഖപ്പെടുത്തി ഹാമില്ട്ടണ് മേയര്‍ ആന്‍ഡ്രിയ ഹോര്‍വാത്ത്. 2024-ല്‍ ക്ലീവ്ലാന്റ്-ക്ലിഫ്സ് കമ്പനി സ്റ്റെല്ക്കോയെ ഏറ്റെടുത്തപ്പോള്‍ യൂണിയന് തൊഴിലാളികളുടെ എണ്ണം അഞ്ച് വര്‍ഷത്തേക്ക് നിലനിര്‍ത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇത് ലംഘിച്ച് പിരിച്ചുവിടല്‍ നടത്തുന്നതിനെതിരെ ഫെഡറല്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് മേയര്‍ അറിയിച്ചു. ബാധിക്കപ്പെടുന്ന തൊഴിലാളികളെ സഹായിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റീല്‍ നിര്‍മ്മാണം തങ്ങളുടെ ലേക്ക് ഈറി (Lake Erie) പ്ലാന്റിലേക്ക് കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഹാമില്ട്ടണ് പ്ലാന്റിലെ ഫിനിഷിങ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
ഹാമില്‍ട്ടണില്‍ ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് ലേക്ക് ഈറി പ്ലാന്റില്‍ പകരം തൊഴിലവസരങ്ങള്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ അവിടെ കേവലം 40 മുതല്‍ 50 വരെ ഒഴിവുകള്‍ മാത്രമാണുള്ളതെന്നും ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടപ്പെടുമെന്നും തൊഴിലാളി യൂണിയനായ യുണൈറ്റഡ് സ്റ്റീല്‍വര്‍ക്കേഴ്സ് ലോക്കല്‍ 1005 (USW Local 1005) ചൂണ്ടിക്കാണിച്ചു.
