Friday, October 2, 2026

‘ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഡേ’യില്‍ വംശീയ അധിക്ഷേപം: സൂക്ക് ബ്രൂവറി ഉടമയെ പുറത്താക്കി

ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ‘ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഡേ’യില്‍ (National Day for Truth and Reconciliation) മുന്‍കാല റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അതിക്രമങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള സന്ദേശമുള്ള ടീ-ഷര്‍ട്ട് ധരിച്ചതിനെത്തുടര്‍ന്ന് ‘സൂക്ക് ബ്രൂവറി’ കമ്പനി സഹ-ഉടമയെ പുറത്താക്കുകയും സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. ബ്രൂവറി ഉടമകളിലൊരാളായ ജോണ്‍ അഡെയര്‍ ‘Show Me the Evidence’ (എനിക്ക് തെളിവുകള്‍ കാണിച്ചു തരൂ) എന്ന് രേഖപ്പെടുത്തിയ ടീ-ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്.

മുന്‍കാലങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ ഗോത്രവര്‍ഗ്ഗ കുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരമായ പീഡനങ്ങളെയും മരണങ്ങളെയും നിസ്സാരവത്കരിക്കുന്നതാണ് ഈ നടപടിയെന്ന് കാണിച്ച് പ്രദേശവാസികളും ഗോത്രവര്‍ഗ്ഗ നേതാക്കളും രംഗത്തെത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ സൂക്ക് ബ്രൂവറി കമ്പനി ആദ്യം ക്ഷമാപണം നടത്തുകയും, സെപ്റ്റംബര്‍ 30 ദുരന്തത്തിന് ഇരയായവരെ ഓര്‍ക്കാനും ആദരിക്കാനുമുള്ള ദിനമാണെന്നും സ്ഥാപനത്തില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും അറിയിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ജോണ്‍ അഡെയറിനെ ബ്രൂവറിയുടെ ചുമതലകളില്‍ നിന്നും ഉടമസ്ഥതയില്‍ നിന്നും ഉടനടി പ്രാബല്യത്തോടെ പുറത്താക്കിയതായി കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ തങ്ങളുടെ സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഉണ്ടായ അപമാനത്തിനും മാനസിക വിഷമത്തിനും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും ബ്രൂവറി വ്യക്തമാക്കി.

ടി’സൗ-കെ (T’Sou-ke) ഫസ്റ്റ് നാഷന്‍ കൗണ്‍സിലര്‍ ഡെബ്ര ലാസര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. തലമുറകളായി സ്വന്തം കുടുംബാംഗങ്ങള്‍ അനുഭവിച്ച വേദന ഓര്‍ക്കുന്ന ദിനത്തില്‍ ഇത്തരം പ്രവൃത്തികള്‍ അതിജീവിച്ചവരെയും അവരുടെ കുടുംബങ്ങളെയും വീണ്ടും മുറിവേല്‍പ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. കേവലം ഒരു മാപ്പപേക്ഷ കൊണ്ട് മാത്രം കാര്യമില്ലെന്നും, തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും ആദിവാസി വിഭാഗങ്ങള്‍ക്ക് പിന്തുണയേകിയും പ്രായശ്ചിത്തപരമായ പ്രവൃത്തികള്‍ ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അയ്യായിരത്തോളം രേഖകളും അയ്യായിരത്തിലേറെ സാക്ഷ്യപത്രങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ചരിത്രസത്യമാണ് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അതിക്രമങ്ങളെന്നും അത് ചോദ്യം ചെയ്യുന്നത് ചരിത്രത്തെ നിഷേധിക്കലാണെന്നും വിക്ടോറിയ യൂണിവേഴ്‌സിറ്റി വിദഗ്ധരും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!