Friday, October 2, 2026

കാനഡയില്‍ ഡീസല്‍ വില കുതിക്കുന്നു; വ്യാപാരികള്‍ പ്രതിസന്ധിയില്‍, ഡീസല്‍ മോഷണങ്ങളും വര്‍ധിക്കുന്നു

കാല്‍ഗറി: ഡീസല്‍ വിലയിലുണ്ടായ വന്‍ വര്‍ധന കാനഡയിലുടനീളമുള്ള ബിസിനസുകളെയും വിതരണ ശൃംഖലയെയും (Supply Chain) രൂക്ഷമായി ബാധിക്കുന്നു. ചെലവുകള്‍ കുതിച്ചുയരുന്നതിനിടെ പ്രവിശ്യയില്‍ വന്‍തോതില്‍ ഡീസല്‍ മോഷണം പോകുന്ന സംഭവങ്ങളും വര്‍ധിക്കുന്നു. സംഭവത്തില്‍ ആല്‍ബര്‍ട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

നിലവില്‍ രാജ്യത്തുടനീളം ഡീസല്‍ വില റെക്കോര്‍ഡ് തലത്തിലാണെന്ന് ഗ്യാസ് ബഡിയിലെ ഇന്ധന വിശകലന വിദഗ്ദ്ധന്‍ പാട്രിക് ഡി ഹാന്‍ പറഞ്ഞു. ജൂണില്‍ ലിറ്ററിന് 1.86 ഡോളറായിരുന്ന ഡീസല്‍ വില അടുത്തിടെ 2.65 ഡോളര്‍ വരെയായി ഉയര്‍ന്നു. ഉത്പ്പന്നങ്ങളുടെ ഗതാഗതത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട-വന്‍കിട ബിസിനസുകളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിനും ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് അയക്കുന്നതിനും ഒരുപോലെ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നത് കാരണം ലാഭവിഹിതം കുറയുകയും ജീവനക്കാരുടെ ജോലി സമയം വെട്ടിച്ചുരുക്കേണ്ടി വരികയും ചെയ്യുന്നുവെന്ന് കാല്‍ഗറി ആസ്ഥാനമായുള്ള സ്‌കിന്‍കെയര്‍ കമ്പനിയായ ‘എല്ലി ബിയാങ്ക’യുടെ സ്ഥാപക ഇവ്‌ലിന്‍ ന്യാരോ വ്യക്തമാക്കി.

ഡീസല്‍ വില കുതിച്ചുയരുന്നതിനിടെ, ആല്‍ബര്‍ട്ടയിലെ ഫ്യുവല്‍ സ്റ്റേഷനുകളില്‍ നിന്ന് ഭൂഗര്‍ഭ ടാങ്കുകളില്‍ നിന്ന് നേരിട്ട് ഡീസല്‍ മോഷ്ടിക്കുന്നതായി കാല്‍ഗറി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 23-ന് മൗണ്ടന്‍ വ്യൂ കൗണ്ടിയിലെ വെസ്റ്റ്വ്യൂ കോ-ഓപ് കാര്‍ഡ്ലോക്കില്‍ നിന്ന് വലിയ ടാങ്കര്‍ ട്രക്കിലെത്തി വന്‍തോതില്‍ ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ ഓള്‍ഡ്‌സ് ആര്‍.സി.എം.പി (RCMP) അന്വേഷണം നടത്തിവരികയാണ്. ഭൂഗര്‍ഭ ടാങ്കുകളില്‍ ആന്റി-സൈഫണിങ് സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിക്കാന്‍ പോലീസ് പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങള്‍, ചൈനയിലെ ശുദ്ധീകരണശാലകളില്‍ ഉല്‍പ്പാദനം കുറഞ്ഞത്, റഷ്യന്‍ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെ യുക്രൈന്‍ നടത്തുന്ന ആക്രമണങ്ങള്‍ എന്നിവയാണ് ആഗോളതലത്തില്‍ ഡീസല്‍ വില ഉയരാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ചരക്ക് ഗതാഗതം, കൃഷി, ട്രെയിനുകള്‍ എന്നിവയെല്ലാം ഡീസലിനെ ആശ്രയിക്കുന്നതിനാല്‍, ഡീസല്‍ വാഹനം ഉപയോഗിക്കാത്ത സാധാരണക്കാരെപ്പോലും നിത്യോപയോഗ സാധനങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും വിലവര്‍ധനയിലൂടെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!