Saturday, October 3, 2026

ഫ്രാന്‍സില്‍ ജെന്‍സി പ്രക്ഷോഭം രൂക്ഷമാകുന്നു; 400-ഓളം സ്‌കൂളുകള്‍ അടച്ചു

പാരീസ്: ഫ്രാന്‍സില്‍ ജെന്‍സി വിദ്യാര്‍ഥിപ്രക്ഷോഭം രൂക്ഷമാകുന്നു. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് രാജ്യത്തുടനീളം 400-ഓളം സ്‌കൂളുകള്‍ അടച്ചുപൂട്ടിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച, ക്ലാസുകളിലെ വിദ്യാര്‍ഥിപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ തെരുവിലറങ്ങിയത്.

ദീര്‍ഘനേരത്തെ ക്ലാസ് സമയക്രമം (രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ), അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, ചൂടുകാലത്ത് ആവശ്യത്തിന് എയര്‍കണ്ടീഷണറുകളോ ഹീറ്ററുകളോ ഇല്ലാത്ത പഴകിയ കെട്ടിടങ്ങള്‍ നന്നാക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

പ്രതിഷേധം വിവിധയിടങ്ങളില്‍ സംഘര്‍ഷഭരിതമായി. സ്‌കൂളുകള്‍ക്ക് തീയിടുകയും ട്രാമുകളും ബസ് സ്റ്റോപ്പുകളും തകര്‍ക്കുകയും ചെയ്ത സംഭവങ്ങളില്‍ നൂറിലധികം സ്‌കൂളുകള്‍ക്ക് വന്‍ നാശനഷ്ടം സംഭവിച്ചു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 15-നും 18-നും ഇടയില്‍ പ്രായമുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച മാത്രം 1949 പേരെ അറസ്റ്റുചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ 40 പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെ 65 സ്‌കൂള്‍ ജീവനക്കാര്‍ക്കും 305 പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

പാരീസ്, മാര്‍സെയില്‍, സ്ട്രാസ്ബര്‍ഗ്, ലില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഫ്രാന്‍സിലെ 3,700 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1,027 എണ്ണത്തിനെ പ്രക്ഷോഭം നേരിട്ട് ബാധിക്കുകയും ഇതില്‍ 222 സ്‌കൂളുകള്‍ പൂര്‍ണമായി ഉപരോധിക്കപ്പെടുകയും ചെയ്തു. പ്രക്ഷോഭത്തിന് പിന്നില്‍ തീവ്ര ഇടത് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചെങ്കിലും പ്രതിപക്ഷം ഇത് തള്ളി. അതിനിടെ, അക്രമ സംഭവങ്ങളില്‍ സ്‌കൂളുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ തുക വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് ഈടാക്കുമെന്ന് ഫ്രഞ്ച് ജസ്റ്റിസ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!