Sunday, October 4, 2026

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ 5 പൊലീസുകാർക്കെതിരെ നടപടിയുമായി വിജയ് സർക്കാർ

ചെന്നൈ: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തമിഴ്നാട്ടിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുനെൽവേലി, ചെന്നൈ, മാധവാരം, പുഴൽ തുടങ്ങിയ മേഖലകളിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായും വാങ്ങിയതായും കണ്ടെത്തിയത്. 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് വിവിധ സംഭവങ്ങളിൽ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.

തിരുനെൽവേലി സിറ്റി മേലപ്പാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സ്വർണ രാജാണ് ആദ്യം നടപടി നേരിട്ടത്. വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനോട് 1,000 രൂപ ഗൂഗിൾ പേ വഴി നൽകാൻ ആവശ്യപ്പെട്ടെന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു.

ചെന്നൈ നോർത്ത് ബീച്ച് മേഖലയിൽ വാഹനം വിട്ടുനൽകുന്നതിനായി 10,000 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയെന്ന കണ്ടെത്തലിനെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചു. ബീച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശിവരാജ്, കോൺസ്റ്റബിൾ വിവേക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

മാധവാരം മേഖലയിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലും അന്വേഷണം നടത്തി. അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിച്ചു.

പുഴൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരീശ്വരനെതിരെയും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നടപടി സ്വീകരിച്ചു. അന്വേഷണത്തിൽ കുറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. പൊലീസ് സേനയ്ക്കെതിരായ അഴിമതി പരാതികളുടെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!