ദുബായ്: ടെൽ അവീവിലേക്ക് സർവീസ് നടത്തുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തെ മനഃപൂർവം തകർക്കാൻ ശ്രമിച്ചെന്ന കേസിൽ ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിക്കെതിരായ അന്വേഷണം ശക്തമാക്കി. വിമാനം മനഃപൂർവം തകർക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ചോദ്യം ചെയ്യലിൽ ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ വിമാനം പറത്തുന്നതിൽ നിന്ന് ഹമ്മാമിയെ വിലക്കിയിരുന്നതായാണ് റിപ്പോർട്ട്. തീവ്രവാദ വെബ്സൈറ്റുകൾ സന്ദർശിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ എയർ ഇയാളെ പൈലറ്റ് ജോലിയിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് തീവ്രവാദവിരുദ്ധ പുനരധിവാസ (ഡീറാഡിക്കലൈസേഷൻ) പരിപാടിക്ക് വിധേയനാക്കിയ ശേഷം ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ഒമാൻ എയർ വിട്ടതിന് പിന്നാലെ യുഎഇയിലെത്തിയ ഹമ്മാമി 2026 ഫെബ്രുവരിയിൽ ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിച്ചു. ഇയാളുടെ മുൻകാല പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലൈ ദുബായിക്ക് ലഭ്യമായിരുന്നോ, ഒമാൻ അധികൃതരിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.

തൊഴിൽ സുരക്ഷാ പരിശോധനകൾക്കായി ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി മറ്റു രാജ്യങ്ങളിൽ നിന്ന് യാതൊരു അഭ്യർത്ഥനയും ഒമാന് ലഭിച്ചിരുന്നില്ലെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഹമ്മാമി ചെറുപ്പകാലത്ത് കുറച്ചുകാലം സിറിയയിൽ കഴിഞ്ഞിരുന്നു. ബഷാർ അൽ അസദ് സർക്കാരിനെതിരെ വിമതർ പോരാടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഇത്. സിറിയയിൽ കഴിഞ്ഞ സമയത്താണോ ഹമ്മാമി തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്നതും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
വിമാനം തകർക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണം, ഹമ്മാമിയുടെ മുൻകാല പശ്ചാത്തലം, ഫ്ലൈ ദുബായിൽ നിയമനം ലഭിച്ച സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ വ്യക്തമാകൂ.
