വാഷിങ്ടൺ: മൈക്രോസോഫ്റ്റിനെ അമേരിക്കയുടെ ഗ്രീൻ കാർഡ് പദ്ധതിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ, കമ്പനിയുടെ സിഇഒ സത്യ നദെല്ലയ്ക്ക് ദേശീയ സാങ്കേതികവിദ്യാ പുരസ്‌കാരം സമ്മാനിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് മേധാവിയെ വൈറ്റ് ഹൗസിലെ ചടങ്ങിൽ ആദരിച്ചത്. ഒക്ടോബർ എട്ടിനായിരുന്നു ഇരുസംഭവങ്ങളും.
വാഷിങ്ടണിൽ നടന്ന ‘സയൻസ്: എ ന്യൂ ഗോൾഡൻ ഏജ്’ ഉച്ചകോടിയിൽ സത്യ നദെല്ലയ്ക്ക് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സമ്മാനിച്ച് ട്രംപ് ആദരിച്ചു. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് മൈക്രോസോഫ്റ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ നദെല്ല വഹിച്ച പങ്കിനെയും കമ്പനിയുടെ പരിവർത്തനത്തിന് നൽകിയ നേതൃത്വത്തെയും ട്രംപ് പ്രശംസിച്ചു.

മൈക്രോസോഫ്റ്റിന്റെ വളർച്ചയിലും ആഗോള സാങ്കേതികവിദ്യാ രംഗത്തെ സ്വാധീനത്തിലും നദെല്ല നിർണായക പങ്കുവഹിച്ചതായി ട്രംപ് പറഞ്ഞു. ഡെൽ ടെക്നോളജീസിന്റെ മേധാവി മൈക്കൽ ഡെല്ലിനും ഇതേ പുരസ്‌കാരം ലഭിച്ചു. എലോൺ മസ്‌ക്, സെർജി ബ്രിൻ, ജെൻസൻ ഹുവാങ്, ലിസ സു എന്നിവർക്ക് നാഷണൽ മെഡൽ ഓഫ് സയൻസും സമ്മാനിച്ചു.
ഒരേ ദിവസം മൈക്രോസോഫ്റ്റിനെതിരെ നടപടി പ്രഖ്യാപിക്കുകയും സിഇഒയെ ദേശീയ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തത് ശ്രദ്ധേയമായി. എന്നാൽ, സാങ്കേതികവിദ്യാ രംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരവും വിദേശ തൊഴിലാളികളെ സംബന്ധിച്ച നയനടപടികളും വ്യത്യസ്ത വിഷയങ്ങളാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
