ഓട്ടവ: ഡീസല്‍ വില വര്‍ധന വരും ശൈത്യകാലത്ത് കാനഡയിലെ ഭക്ഷ്യവില ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ഭക്ഷ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ആഗോള ഊര്‍ജ വിപണിയെയും വളം ലഭ്യതയെയും പ്രതികൂലമായി ബാധിച്ചതാണ് ഇതിന് പ്രധാന കാരണം.
കാനഡയിലെ ഭക്ഷ്യ വിതരണ ശൃംഖലയില്‍ ട്രക്കുകള്‍ക്കും കപ്പലുകള്‍ക്കും ആവശ്യമായ ഡീസല്‍ വിലയില്‍ ഉണ്ടായ 75 ശതമാനത്തോളം വര്‍ധന, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയിലേക്ക് നേരിട്ട് പ്രതിഫലിക്കുകയാണ്. ശൈത്യകാലത്ത് കാനഡ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ ഗതാഗതച്ചെലവ് ഇനിയും ഉയര്‍ന്നേക്കാം.

ഡീസല്‍ വില ഉയരുമ്പോള്‍ അത് പൊതുവെ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില വര്‍ദ്ധനവിന് കാരണമാകുമെന്ന് ഗ്വെല്‍ഫ് യൂണിവേഴ്സിറ്റിയിലെ ഭക്ഷ്യ സാമ്പത്തിക വിദഗ്ധനായ മൈക്ക് വോണ്‍ മാസ്സോ വ്യക്തമാക്കി. കാനഡയിലെ പരമ്പരാഗത താങ്ക്സ് ഗീവിങ് വിഭവങ്ങള്‍ക്ക് ഈ വര്‍ഷം 10 ശതമാനത്തോളം വിലകൂടുമെന്ന് ഡാല്‍ഹൗസി യൂണിവേഴ്സിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം ഉപഭോക്താക്കളുടെ വാങ്ങല്‍ ശീലങ്ങളെയും കാര്യമായി ബാധിക്കുമെന്ന് കന്തര് റിസര്‍ച്ച് മേധാവി അമാര്‍ സിംഗ് പറഞ്ഞു. വിലക്കയറ്റം കാരണം ആളുകള്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങി ചെലവുകള്‍ ചുരുക്കുമെന്നും ഇത് ചില്ലറ വില്‍പ്പനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരിക്ക് ശേഷം കുതിച്ചുയര്‍ന്ന ഭക്ഷ്യവില പിന്നീട് കുറഞ്ഞുവന്നെങ്കിലും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പലചരക്ക് സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പണപ്പെരുപ്പവും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
