Sunday, October 11, 2026

റിയാദ് വിമാനത്താവള ആക്രമണം; ഹൂതികള്‍ക്കെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധം

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം. നാല് സൗദി പൗരന്മാരും ഒരു അമേരിക്കക്കാരനും രണ്ട് ബംഗ്ലാദേശ് സ്വദേശികളും അടക്കം 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ആഗോള സമൂഹം ചൂണ്ടിക്കാട്ടി. ഇതിനിടെ ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് സമീപവും പ്രൊജക്ടൈല്‍ പതിച്ചതായി സഖ്യസേന സ്ഥിരീകരിച്ചതോടെ മേഖലയിലെ വ്യോമഗതാഗത സുരക്ഷയെക്കുറിച്ച് ശക്തമായ ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്.

സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തോടും ജനങ്ങളോടും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യ, പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

സിവിലിയന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, യു.എസ്, ഈജിപ്ത്, സൈപ്രസ്, സൊമാലിയ എന്നീ രാജ്യങ്ങളും ആക്രമണത്തെ കടുപ്പത്തില്‍ അപലപിച്ചു. സ്വന്തം പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, സൈനിക നീക്കങ്ങള്‍ അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു.

സൗദിയുടെ സുരക്ഷ ജി.സി.സി (GCC) രാജ്യങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഖത്തര്‍ വ്യക്തമാക്കി. ഹൂതികളുടെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര വ്യോമയാന സംഘടനയും (ICAO) കര്‍ശന നടപടിയെടുക്കണമെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടപ്പോള്‍, ജോര്‍ദാനും ഫലസ്തീനും ആക്രമണത്തെ സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി വിശേഷിപ്പിച്ചു. സമാധാനപരമായ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ലഘൂകരിക്കണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ആഹ്വാനം ചെയ്തു.

സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഒ.ഐ.സി (OIC) മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുകയും അന്താരാഷ്ട്ര ഇടപെടല്‍ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയുടെ സ്ഥിരത തകര്‍ക്കുമെന്ന് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സിലും മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍, സൗദി വ്യോമപാത ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!