വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ കോൺഗ്രസ് അംഗവും മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് നേതാവുമായ ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ ഡി.സി.യിലെ വസതിയിൽ ഫെഡറൽ ഏജന്റുമാർ പരിശോധന നടത്തിയതായി റിപ്പോർട്ട്. എൻ.ബി.സി ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാവിലെയായിരുന്നു പരിശോധന. ഒരു വർഷത്തിലേറെയായി തുടരുന്ന ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് പറയുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (HSI), മിനിയാപൊളിസിലെ യു.എസ്. അറ്റോർണി ഓഫീസ്, നീതിന്യായ വകുപ്പ് എന്നിവ അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊഴികൾ, വിവിധ രേഖകൾ, സാക്ഷിമൊഴികൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പരിശോധനയ്ക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ, ഇൽഹാൻ ഒമറിനെതിരെ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ, അല്ലെങ്കിൽ അന്വേഷണത്തിൽ അവർ സംശയിക്കപ്പെടുന്ന വ്യക്തിയാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.

അതേസമയം, പരിശോധനയെ രാഷ്ട്രീയ പ്രേരിതമായ നടപടിയായാണ് ഇൽഹാൻ ഒമർ വിശേഷിപ്പിച്ചത്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട ഭീഷണിപ്പെടുത്തൽ നടപടികളുടെ ഭാഗമാണിതെന്നായിരുന്നു അവരുടെ പ്രതികരണം.

