ഓട്ടവ: കാനഡയിലെ ഡിസബിലിറ്റി ബെനിഫിറ്റിന്റെ (CDB) അടുത്ത ഘട്ട പേയ്‌മെന്റ് 2026 ഒക്ടോബര്‍ 15 വ്യാഴാഴ്ച വിതരണം ചെയ്യും. ഫെഡറല്‍ വരുമാന സഹായ പദ്ധതിക്കായി അപേക്ഷിച്ച് അര്‍ഹത നേടിയ 18 മുതല്‍ 64 വയസ്സ് വരെയുള്ളവര്‍ക്കാണ് ഈ തുക ലഭിക്കുന്നത്. സാധനങ്ങളുടെ വിലക്കയറ്റത്തിന് അനുസരിച്ച് ഈ വര്‍ഷം സഹായധനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവഴി അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന പരമാവധി പ്രതിമാസ തുക 204.20 ഡോളറായി ഉയര്‍ന്നു. 2025 ജൂലൈയില്‍ തുടക്കമിട്ട ഈ പദ്ധതിയിലൂടെ ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് അപേക്ഷകര്‍ 18നും 64നും ഇടയില്‍ പ്രായമുള്ളവരും കാനഡയിലെ നിയമപരമായ താമസക്കാരുമായിരിക്കണം. ഒപ്പം കാനഡ റെവന്യൂ ഏജന്‍സിയുടെ (CRA) അംഗീകൃത ഡിസബിലിറ്റി ടാക്‌സ് ക്രെഡിറ്റ് (DTC) സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക അറ്റവരുമാനത്തെ അടിസ്ഥാനമാക്കിയാണ് പ്രതിമാസ തുക നിശ്ചയിക്കുന്നത്. വാര്‍ഷിക വരുമാനം 23,483 ഡോളറില്‍ താഴെയുള്ള അവിവാഹിതര്‍ക്ക് പരമാവധി തുകയായ 204.20 ഡോളര്‍ പൂര്‍ണ്ണമായി ലഭിക്കും. നിശ്ചിത വരുമാന പരിധിയേക്കാള്‍ കൂടുതലുള്ള തുകയ്ക്ക് അനുസൃതമായി പ്രതിമാസ സഹായധനത്തില്‍ കുറവ് വരും.

സാധാരണയായി സര്‍ക്കാര്‍ നല്‍കുന്ന വരുമാന സഹായ പദ്ധതികളില്‍ മറ്റ് വരുമാനമുണ്ടെങ്കില്‍ ആ തുക സഹായധനത്തില്‍ നിന്ന് കുറയ്ക്കാറുണ്ട്. എന്നാല്‍ കാനഡ ഡിസബിലിറ്റി ബെനിഫിറ്റ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ‘തൊഴില്‍ വരുമാന ഇളവ്’ (Working Income Exemption) അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് അവിവാഹിതരായ ആളുകള്‍ക്ക് ഒരു വര്‍ഷത്തെ ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ ആദ്യത്തെ 10,210 ഡോളര്‍ വരെയുള്ള തുക കണക്കിലെടുക്കില്ല. കാനഡ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, ഫോണ്‍ മുഖേനയോ, നേരിട്ട് സര്‍വീസ് കാനഡ സെന്ററുകള്‍ സന്ദര്‍ശിച്ചോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഒക്ടോബര്‍ 15-ന് നിശ്ചിത തുക അക്കൗണ്ടില്‍ എത്താതിരുന്നാല്‍ ഏതാനും ദിവസങ്ങള്‍ കാത്തിരുന്ന ശേഷം ഔദ്യോഗിക ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
