ഓട്ടവ: സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് കാനഡയിൽ എണ്ണ ഉൽപ്പാദനം വൻതോതിൽ വർധിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. എന്നാൽ, ഈ നീക്കം രാജ്യത്തെ പരിസ്ഥിതി മലിനീകരണ ആശങ്ക ഇനിയും വർധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പരിസ്ഥിതി പ്രവർത്തകരും തദ്ദേശീയ ജനവിഭാഗങ്ങളും രംഗത്തെത്തി. ആൽബർട്ടയിലെ കനേഡിയൻ ഓയിൽ സാൻഡ്സ് (Oil Sands) മേഖല കേന്ദ്രീകരിച്ചാണ് പുതിയ വികസന പദ്ധതികൾ പുരോഗമിക്കുന്നത്.
ഭീഷണിയായി ‘ടെയിലിങ്സ് പോണ്ടുകൾ’
ഓയിൽ സാൻഡ്സിൽ നിന്ന് ബിറ്റുമെൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന മാരകമായ വിഷാംശമുള്ള ജലമാണ് പ്രധാന വില്ലൻ. നാഫ്താനിക് ആസിഡ്, കളിമണ്ണ്, മണൽ, മറ്റ് രാസവസ്തുക്കൾ എന്നിവ അടങ്ങിയ ഈ മലിനജലം ‘ടെയിലിങ്സ് പോണ്ടുകൾ’ എന്നറിയപ്പെടുന്ന ഭീമാകാരമായ കൃത്രിമ തടാകങ്ങളിലാണ് നിലവിൽ സംഭരിക്കുന്നത്. നിലവിൽ ഇത്തരം തടാകങ്ങളിൽ 1.4 ലക്ഷം കോടി ലിറ്ററിലധികം വിഷമാലിന്യ ജലം അടിഞ്ഞുകൂടിക്കിടപ്പുണ്ടെന്നാണ് പരിസ്ഥിതി സംഘടനകളുടെ കണക്കുകൾ.

പ്രതിസന്ധി ഇരട്ടിയാക്കുന്ന പുതിയ പദ്ധതികൾ
പുതിയ പൈപ്പ്ലൈൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ എണ്ണ ഉൽപ്പാദനം റെക്കോർഡ് വേഗതയിലാകും. ഇതോടെ പ്രതിദിനം ഉണ്ടാകുന്ന വിഷമാലിന്യത്തിന്റെ അളവും വൻതോതിൽ വർധിക്കും. നിലവിലുള്ള സംഭരണികൾ നിറഞ്ഞുകവിയുന്ന പശ്ചാത്തലത്തിൽ, ഈ വിഷവെള്ളം ശുദ്ധീകരിച്ച് അഥബാസ്ക നദിയിലേക്ക് (Athabasca River) ഒഴുക്കിവിടാൻ എണ്ണക്കമ്പനികൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ശക്തമായ ജനകീയ പ്രതിഷേധം
മാലിന്യജലം നദിയിലേക്ക് ഒഴുക്കാനുള്ള നീക്കത്തിനെതിരെ കാനഡയിലെ തദ്ദേശീയ ജനവിഭാഗങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷവും വെള്ളത്തിലെ വിഷാംശം പൂർണ്ണമായി മാറില്ലെന്നും, ഇത് തങ്ങളുടെ കുടിവെള്ള സ്രോതസ്സുകളെയും ജലജീവികളെയും മാരകമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, നിലവിലുള്ള തടാകങ്ങളിൽ നിന്ന് ഭൂഗർഭജലത്തിലേക്ക് വിഷാംശം ചോരുന്നതായും (Seepage) ആക്ഷേപമുണ്ട്.
