Tuesday, October 13, 2026

വ്യാപാര സംഘർഷങ്ങൾക്കിടയിലും സൗഹൃദം; കാനഡയ്ക്ക് നന്ദിയറിയിച്ച് ഡെട്രോയിറ്റിന്റെ ബാനർ

ഓട്ടവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ തുടരുന്നതിനിടെ, സൗഹൃദത്തിന്റെ സന്ദേശവുമായി ഡെട്രോയിറ്റിൽ നിന്ന് കാനഡയിലെ വിൻഡ്‌സറിന് മുകളിലൂടെ പറന്ന ബാനർ ശ്രദ്ധേയമായി. കാനഡയുടെ താങ്ക്സ്‌ഗിവിങ് ദിനത്തോടനുബന്ധിച്ച് ഡെട്രോയിറ്റ് നദിക്ക് മുകളിലൂടെ പറത്തിയ ബാനറിൽ കാനഡയോടുള്ള നന്ദിയും സൗഹൃദവും പ്രകടിപ്പിച്ചു.

ഡൗൺടൗൺ ഡെട്രോയിറ്റ് പാർട്ണർഷിപ്പും മെട്രോ ഡെട്രോയിറ്റും ചേർന്നാണ് ഒൻപത് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ബാനർ സംഘടിപ്പിച്ചത്. “O Canada – Bridged in Friendship. Happy Thanksgiving” എന്ന സന്ദേശമാണ് ബാനറിൽ ഉണ്ടായിരുന്നത്. അതിർത്തിയുടെ ഇരുവശത്തുമുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഡൗൺടൗൺ ഡെട്രോയിറ്റ് പാർട്ണർഷിപ്പ് സിഇഒ എറിക് ലാർസന്റെ നേതൃത്വത്തിൽ നടന്ന ഈ സംരംഭം, വ്യാപാര തർക്കങ്ങളും അതിർത്തി സംഘർഷങ്ങളും നിലനിൽക്കുന്ന സമയത്ത് കാനഡയുമായുള്ള സൗഹൃദത്തിന് നന്ദി അറിയിക്കാനുള്ള ചെറിയ ശ്രമമാണെന്ന് സംഘാടകർ വ്യക്തമാക്കി.

വ്യാപാര തർക്കങ്ങൾക്കിടയിൽ സൗഹൃദ സന്ദേശം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ വ്യാപാര നയങ്ങളും കാനഡയിൽ ഏർപ്പെടുത്തിയ തീരുവകളും അതിർത്തിയുടെ ഇരുവശത്തുമുള്ള ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്. വിൻഡ്‌സറിലെ വാഹന നിർമാണ മേഖലയിലും തീരുവകളുടെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുന്നുണ്ട്. സ്റ്റലാന്റിസ് കമ്പനിയുടെ വിൻഡ്‌സർ പ്ലാന്റിലെ തൊഴിലാളികളുടെ താൽക്കാലിക പിരിച്ചുവിടലുകൾക്ക് തീരുവകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ കാരണമായതായി റിപ്പോർട്ടുകളുണ്ട്.

ഇത്തരം സാഹചര്യത്തിൽ കാനഡയുടെ താങ്ക്സ്‌ഗിവിങ് ദിനത്തിൽ നന്ദി അറിയിക്കുന്നത് ഉചിതമാണെന്ന് ലാർസൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സാമ്പത്തിക ബന്ധവും എത്രത്തോളം പ്രധാനമാണെന്ന് ഓർമിപ്പിക്കുകയാണ് ബാനറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലേക്ക് പോകാൻ മടിച്ച് വിൻഡ്‌സർ നിവാസികൾ

ബാനറിനെ വിൻഡ്‌സറിലെ പലരും സ്വാഗതം ചെയ്തെങ്കിലും, വ്യാപാര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോഴും മടിയുണ്ടെന്ന് ചിലർ പറഞ്ഞു.

വിൻഡ്‌സർ നിവാസിയായ ജാക്ക് പാറ്റേഴ്സൺ, അമേരിക്കൻ ജനങ്ങളോടല്ല തനിക്ക് എതിർപ്പെന്നും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടാണ് വിയോജിപ്പെന്നും വ്യക്തമാക്കി. അമേരിക്കയുമായി വർഷങ്ങളായി നിലനിന്നിരുന്ന കുടുംബ-സാമൂഹിക ബന്ധങ്ങൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തികൾക്കപ്പുറമുള്ള ബന്ധം

ഡെട്രോയിറ്റ് നദിയുടെ ഇരുവശങ്ങളിലുമുള്ളവർക്ക് കാണാനാകുന്ന രീതിയിൽ തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുശേഷവും ബാനർ പറത്തി. അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം സാമ്പത്തിക ഇടപാടുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സാമൂഹികമായും കുടുംബപരമായും ഇരുപ്രദേശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സംഘാടകർ ഓർമിപ്പിച്ചു.

വ്യാപാര തർക്കങ്ങൾ താൽക്കാലികമാണെന്നും ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്നും ലാർസൻ പറഞ്ഞു. നിലവിലെ സംഘർഷങ്ങൾക്കിടയിലും ജനങ്ങൾ തമ്മിലുള്ള സൗഹൃദം നിലനിർത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ ബാനർ മുന്നോട്ടുവയ്ക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!