Wednesday, October 14, 2026

മകനെ കട്ടിലിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ടു; ഓട്ടവയിൽ അമ്മയ്ക്ക് 9 വർഷം തടവ്

ഓട്ടവ: ഓട്ടവയിൽ ജനിതക വൈകല്യമുള്ള പതിനെട്ടുകാരനായ മകനെ കട്ടിലിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ട് മരണവക്കിൽ എത്തിക്കുകയും ചെയ്ത കേസിൽ അമ്മയ്ക്ക് 9 വർഷം തടവുശിക്ഷ. ഓട്ടവ കോടതിയാണ് ദാരുണമായ ഈ സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് ശിക്ഷ വിധിച്ചത്.

സംസാരിക്കാനോ സ്വയം ചലിക്കാനോ കഴിയാത്ത മകനോട് കടുത്ത അനാസ്ഥ കാണിച്ചതിനും ജീവൻ നിലനിർത്താൻ ആവശ്യമായ സൗകര്യങ്ങൾ നൽകാതിരുന്നതിനും കോടതി ഇവരെ കുറ്റക്കാരിയായി കണ്ടെത്തി.

സ്കൂളിൽ സ്ഥിരമായി വന്നിരുന്ന വിദ്യാർത്ഥി പെട്ടെന്ന് വരാതാവുകയും, കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ നേരത്തെ തന്നെ സംശയങ്ങൾ ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 2026 ജനുവരിയിൽ പൊലീസ് കുട്ടിയുടെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വീടിന്റെ ബേസ്മെന്റിലുള്ള ഒരു ബങ്ക് ബെഡിന്റെ വശങ്ങളിൽ മരപ്പലകകൾ അടിച്ചുകയറ്റി പൂർണ്ണമായി അടച്ച നിലയിലായിരുന്നു. ഈ കട്ടിലിനുള്ളിലാണ് കുട്ടിയെ പൂട്ടിയിട്ടിരുന്നത്. കടുത്ത ദുർഗന്ധം വമിക്കുന്ന മുറിയിൽ, വസ്ത്രമില്ലാതെ, ശരീരമാസകലം പുഴുക്കളും പ്രാണികളും അരിച്ച നിലയിലാണ് ഒടുവിൽ കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കടുത്ത പോഷകാഹാരക്കുറവ് മൂലം കുട്ടിയുടെ ശ്വാസകോശ പേശികൾ പോലും തളർന്നുപോയിരുന്നു. കുട്ടിയുടെ അരികിലായി അവർ വളർത്തിയിരുന്ന പൂച്ച ചത്തുകിടക്കുന്നതായും കണ്ടെത്തി.

ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കൊണ്ടാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. കൃത്യസമയത്ത് സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചില്ലായിരുന്നുവെങ്കിൽ കുട്ടി മരണപ്പെടുമായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. തടവുശിക്ഷയ്ക്ക് പുറമെ, അമ്മയ്ക്ക് മകനുമായി ബന്ധപ്പെടുന്നതിനും ഭാവിയിൽ ഏതെങ്കിലും വളർത്തുമൃഗങ്ങളെ വളർത്തുന്നതിനും കോടതി ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും അമ്മയുടെയും വിവരങ്ങൾ പുറത്തുവിടരുതെന്ന് കോടതിയുടെ കർശന നിർദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!