ടൊറന്റോ: ടൊറന്റോയിലെ റിവര്സൈഡില് ബുധനാഴ്ച രാത്രിയുണ്ടായ വന് തീപിടുത്തത്തില് ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടം പൂര്ണ്ണമായും കത്തി നശിച്ചു. ഡോണ് വാലി പാര്ക്ക്വേയ്ക്ക് (DVP) കിഴക്കുവശമുള്ള 2 മറ്റില്ഡ സ്ട്രീറ്റിലെ (2 Matilda St.) കെട്ടിടത്തിലാണ് രാത്രി 9:30-ഓടെ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങള് സംഭവസ്ഥലത്തെത്തുമ്പോള് കെട്ടിടത്തിന്റെ മേല്ക്കൂരയിലൂടെ വലിയ തോതില് പുകയും തീജ്വാലകളും ഉയരുകയായിരുന്നുവെന്ന് ടൊറന്റോ ഫയര് സര്വീസസ് ചീഫ് ജിം ജെസ്സോപ്പ് അറിയിച്ചു. സ്ഥിതിഗതികള് കണക്കിലെടുത്ത് സംഭവത്തെ ‘തേര്ഡ് അലാം’ ഫയറായി പ്രഖ്യാപിച്ചാണ് രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചത്.
തീയണയ്ക്കുന്നതിനായി അഗ്നിശമന സേനയ്ക്ക് കെട്ടിടത്തിന് ചുറ്റും എത്തേണ്ടിയിരുന്നതിനാല് നോര്ത്ത്ബൗണ്ട് ഡോണ് വാലി പാര്ക്ക്വേ, ക്വീന് സ്ട്രീറ്റ്, ഡണ്ടസ് സ്ട്രീറ്റ് എന്നിവയുടെ ചില ഭാഗങ്ങള് താത്കാലികമായി അടച്ചുപൂട്ടി. വ്യാഴാഴ്ചയും നോര്ത്ത്ബൗണ്ട് ഡി.വി.പി.യുടെ ഒരു ലെയ്നും ക്വീന് സ്ട്രീറ്റ് ഓണ്-റാംപും അടഞ്ഞുകിടക്കുകയാണ്.

തീയുടെ ഭൂരിഭാഗവും നിയന്ത്രണവിധേയമാക്കിയെങ്കിലും കെട്ടിടത്തിന്റെ ചുവരുകളും സീലിംഗും തകര്ന്നുവീണതിനെത്തുടര്ന്ന് അവശിഷ്ടങ്ങള്ക്കിടയിലെ തീപ്പൊരികള് അണയ്ക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്. രക്ഷാപ്രവര്ത്തനത്തിനിടെ നിസ്സാര പരുക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
മുമ്പ് ലൈവ് ഇവന്റല് സംഘടിപ്പിക്കുന്ന കേന്ദ്രമായും കോഫി കമ്പനിയായും പ്രവര്ത്തിച്ചിരുന്ന ഈ കെട്ടിടം വര്ഷങ്ങളായി വിജനമായി കിടക്കുകയായിരുന്നുവെന്ന് ഫയര് ചീഫ് പറഞ്ഞു. തീപിടുത്തത്തിന്റെ യഥാര്ത്ഥ കാരണവും സാഹചര്യങ്ങളും കണ്ടെത്താന് ഉദ്യോഗസ്ഥര് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
