Friday, October 16, 2026

ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ല; കരയുദ്ധവും പരിഗണനയിലില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ തല്‍ക്കാലം ആണവായുധ പ്രയോഗത്തിനോ നേരിട്ടുള്ള കരയുദ്ധത്തിനോ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന് മേലുള്ള സൈനിക-സാമ്പത്തിക സമ്മര്‍ദം യുഎസ് ശക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ഊര്‍ജ നിലയങ്ങളെയും ലക്ഷ്യമിട്ട് വന്‍ പ്രഹരശേഷിയുള്ള ‘ഏആഡ43’ (മദര്‍ ഓഫ് ഓള്‍ ബോംബ്സ്) പ്രയോഗിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, ഇറാനുമായി സാമ്പത്തിക-സൈനിക ഇടപാടുകള്‍ നടത്തുന്ന 16 വ്യക്തികള്‍ക്കും 10 പ്രമുഖ സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക പുതിയ ഉപരോധവും ഏര്‍പ്പെടുത്തി.

അമേരിക്കന്‍ നീക്കങ്ങളോട് ശക്തമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. തങ്ങളുടെ സുപ്രധാന കേന്ദ്രങ്ങള്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെ ആക്രമണമുണ്ടായാല്‍ ഇരട്ടി പ്രഹരം നല്‍കുമെന്നും യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയയില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും ഇറാന്റെ സൈനിക നേതൃത്വം വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്നതും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക പുതിയ പ്രഹരശേഷിയുള്ള ബോംബുകള്‍ പ്രയോഗിക്കാന്‍ ആലോചിക്കുന്നതും മേഖലയിലെ ആശങ്ക വര്‍ധിപ്പിക്കുന്നു.

ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിക്കുന്നതും യുദ്ധം നീണ്ടുപോകുന്നതും പശ്ചിമേഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ആഗോള വിപണിക്കും വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നല്‍കി. ഇത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുന്നതിനും കടുത്ത വിലക്കയറ്റത്തിനും കാരണമാകും.

മേഖലയിലെ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാന്‍ മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ അടിയന്തര നയതന്ത്ര നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. നവംബര്‍ മൂന്നിന് മുമ്പ് തന്നെ ഇരുപക്ഷത്തെയും ചര്‍ച്ചകളിലേക്ക് എത്തിക്കാനും സംഘര്‍ഷം ലഘൂകരിക്കാനുമാണ് അന്താരാഷ്ട്ര മധ്യസ്ഥര്‍ ശ്രമിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!