കാല്ഗറി: വടക്കുകിഴക്കന് കാല്ഗറിയില് രണ്ട് സിറ്റി ബസുകളും ആറ് മറ്റ് വാഹനങ്ങളും കൂട്ടിയിടിച്ച് ഉണ്ടായ വന് വാഹനാപകടത്തില് മൂന്ന് പേര് മരിച്ചു. 19 പേര്ക്ക്പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സാഡില്ടൗണ് സര്ക്കിള് എന്.ഇ. 800 ബ്ലോക്കിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന സിറ്റി ബസ് ആദ്യം ഒരു വെള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ കാര് സമീപത്തുണ്ടായിരുന്ന കറുത്ത കാറിലും, തുടര്ന്ന് ഒരു ക്യൂബ് വാനിലും രണ്ടാമത്തെ ബസിലും ചെന്നിടിച്ചു. ഇടിയുടെ ആഘാതത്തില് രണ്ടാമത്തെ ബസ് റോഡിന് കുറുകെ തെറിച്ച് മറ്റ് മൂന്ന് വാഹനങ്ങളില് കൂടി ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒരു ബസിന്റെ മേല്ക്കൂരയിലേക്ക് തീ പടര്ന്നുപിടിക്കുകയും പ്രദേശം കറുത്ത പുകയാല് മൂടുകയും ചെയ്തു. രണ്ടാമത്തെ ബസിന്റെ മുന്ഭാഗം പൂര്ണമായി തകര്ന്നു. 12 ഫയര് എഞ്ചിനുകള് സ്ഥലത്തെത്തിയാണ് തീയണച്ചത്.

പരിക്കേറ്റവരില് ഒരാളുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ 10 പേരെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ പരുക്ക് സാരമുള്ളതല്ലെന്നും ഇവര്ക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം മുന്കരുതലായി ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും ഇ.എം.എസ് വക്താവ് ആദം ലോറിയ അറിയിച്ചു. രക്ഷാപ്രവര്ത്തനത്തിനിടെ ഒരു പോലീസുകാരനും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
ഒരു ബസിലെ ഡ്രൈവര് ഉടനടി പുറത്തിറങ്ങിയെങ്കിലും രണ്ടാമത്തെ ബസിലെ ഡ്രൈവര് വാഹനത്തിനുള്ളില് കുടുങ്ങിപ്പോകുകയായിരുന്നു. തുടര്ന്ന് രക്ഷാപ്രവര്ത്തകര് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപകടത്തില്പ്പെട്ട ഒരു ബസ് കംപ്രസ്ഡ് നാച്ചുറല് ഗ്യാസ് (സി.എന്.ജി) ഉപയോഗിച്ച് പ്രവര്ത്തിക്കുന്നതാണെന്ന് കാല്ഗറി ഫയര് ഡിപ്പാര്ട്ട്മെന്റ് ചീഫ് സ്റ്റീവ് ഡോങ്വര്ത്ത് വ്യക്തമാക്കി.
തന്റെ 36 വര്ഷത്തെ സര്വീസിനിടെ കണ്ട ഏറ്റവും വലിയ വാഹനാപകട രംഗമാണിതെന്ന് കാല്ഗറി പോലീസ് സ്റ്റാഫ് സര്ജന്റ് ആന്ഡി വുഡ്വാര്ഡ് പ്രതികരിച്ചു. അപകടത്തെ തുടര്ന്ന് സാഡില്ടൗണ് സര്ക്കിളിലേക്കുള്ള ഗതാഗതം പൂര്ണമായി തടയുകയും, വൈകുന്നേരത്തോടെ ചില ഭാഗങ്ങള് വീണ്ടും തുറന്നുകൊടുക്കുകയും ചെയ്തു. സംഭവത്തില് കാല്ഗറി മേയര് ജെറോമി ഫാര്കസ്, ആല്ബര്ട്ട എന്.ഡി.പി നേതാവും മുന് മേയറുമായ നാഹീദ് നെന്ഷി എന്നിവര് കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
