തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന നഷ്ടവും മറ്റ് പ്രശ്നങ്ങളും പഠിക്കാൻ വീണ്ടും കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് സമിതിയുടെ അധ്യക്ഷൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക്ക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആ.ജെ. എന്നിവർ അംഗങ്ങളാണ്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫിനാണ് കൺവീനറുടെ ചുമതല.

പദ്ധതിയുടെ പ്രവർത്തനങ്ങളും സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമായി പരിശോധിച്ച് ആറാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.
ബസ് ചാർജ് വർധിപ്പിക്കുക, വർഷങ്ങളായി വർധിപ്പിക്കാത്ത വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കുറഞ്ഞത് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകൾ പ്രധാനമായും ഉന്നയിക്കുന്നത്. പ്രവർത്തനച്ചെലവുകൾ വർധിച്ചതും നിലവിലെ നിരക്കുകൾ മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതുമാണ് നിരക്ക് വർധന ആവശ്യപ്പെടാൻ കാരണമെന്നാണ് ഉടമകളുടെ നിലപാട്.
സമിതിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങളിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
