എഡ്മിന്റണ്‍: ആല്‍ബര്‍ട്ട റഫറണ്ടം വോട്ടെടുപ്പില്‍ ചരിത്രപരമായ ജനപങ്കാളിത്തം. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 22 ലക്ഷത്തിലധികം (2.2 ദശലക്ഷം) ആളുകള്‍ വോട്ട് രേഖപ്പെടുത്തിയതായി പ്രവിശ്യാ തിരഞ്ഞെടുപ്പ് അതോറിറ്റിയായ ‘ഇലക്ഷന്‍സ് ആല്‍ബര്‍ട്ട’ (Elections Alberta) ഔദ്യോഗികമായി അറിയിച്ചു.
തിങ്കളാഴ്ച പോളിങ് സ്റ്റേഷനുകളില്‍ ശക്തമായ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയ പങ്കാളിത്തമാണ് ഇതിന് മുന്നോടിയായി നടന്ന അഡ്വാന്‍സ് വോട്ടിങില്‍ ദൃശ്യമായത്. തിങ്കളാഴ്ച രാവിലെ പോളിങ് ബൂത്തുകള്‍ തുറക്കുന്നതിന് മുന്‍പുതന്നെ 13.5 ലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രവിശ്യയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഈ ഹിതപരിശോധന ഉയര്‍ത്തിയ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് മുന്‍കൂര്‍ വോട്ടിങിലെ റെക്കോര്‍ഡ് പങ്കാളിത്തത്തില്‍ പ്രതിഫലിച്ചത്.

പ്രാഥമിക കണക്കുകള്‍ പ്രകാരം, ഏകദേശം 8.38 ലക്ഷം പേര് നേരിട്ടുള്ള അഡ്വാന്‍സ് വോട്ടിങിലൂടെയും 5.19 ലക്ഷം ആളുകള്‍ സ്പെഷ്യല്‍ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തി. ഇത് ആകെ യോഗ്യരായ വോട്ടര്‍മാരുടെ 43.1 ശതമാനത്തോളം വരും. 2023-ലെ പ്രവിശ്യാ പൊതുതിരഞ്ഞെടുപ്പില്‍ അഡ്വാന്‍സ്, സ്പെഷ്യല്‍ ബാലറ്റുകള്‍ വഴി വോട്ട് രേഖപ്പെടുത്തിയത് ആകെ വോട്ടര്‍മാരുടെ 27.5 ശതമാനം മാത്രമായിരുന്നു എന്ന വസ്തുതയുമായി താരതമ്യം ചെയ്യുമ്പോഴാണ് ജനപങ്കാളിത്തത്തിലെ ഈ വന്‍ വര്ധന് വ്യക്തമാകുന്നത്.
