Tuesday, October 20, 2026

വിദ്യാര്‍ത്ഥി, താല്‍ക്കാലിക വീസകളില്‍ നിയന്ത്രണം; 33,000 തൊഴിലാളികള്‍ക്ക് PRന് അതിവേഗ അനുമതി

ഓട്ടവ: കാനഡ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും താല്‍ക്കാലിക വിദേശ തൊഴിലാളികളുടെയും വരവ് കുറയ്ക്കാന്‍ പദ്ധതിയിടുന്നു. എന്നാല്‍, വാര്‍ഷിക പെര്‍മനന്റ് റെസിഡന്റ് (PR) അഡ്മിഷന്‍ 3,80,000 ആയി തന്നെ നിലനിര്‍ത്തും. രാജ്യത്തിന്റെ 2026-2028 ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ അനുസരിച്ച്, കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ വൈദഗ്ധ്യമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം 33,000 വരെ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് വേഗത്തില്‍ സ്ഥിരതാമസാനുമതി നല്‍കാനും ലക്ഷ്യമിടുന്നു.

അനിയന്ത്രിതമായ ഇമിഗ്രേഷന്‍ നിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കാനഡ താല്‍ക്കാലിക നിവാസികളുടെ പുതിയ അഡ്മിഷന്‍ ലക്ഷ്യങ്ങള്‍ കുറയ്ക്കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ച പുതിയ പ്ലാന്‍ പ്രകാരം, പുതിയ താല്‍ക്കാലിക നിവാസികളുടെ ലക്ഷ്യം 2026-ല്‍ 3,85,000 ആയി കുറയും. ഇത് 2027, 2028 വര്‍ഷങ്ങളില്‍ 3,70,000 ആയി ഇനിയും കുറയും.

2027 അവസാനത്തോടെ താല്‍ക്കാലിക നിവാസികളുടെ എണ്ണം കാനഡയിലെ ആകെ ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥി, തൊഴില്‍ പെര്‍മിറ്റുകളില്‍ കുറവ്

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവിലാണ് പ്രധാനമായും കുറവുണ്ടാകുക. പുതിയ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം 2026-ല്‍ 1,55,000 ആയും, തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ 1,50,000 ആയും കുറയും.

താല്‍ക്കാലിക തൊഴിലാളികളുടെ ലക്ഷ്യം 2026-ല്‍ 2,30,000 ആയിരുന്നത് 2027, 2028 വര്‍ഷങ്ങളില്‍ 2,20,000 ആയി കുറയും. ഇന്റര്‍നാഷണല്‍ മൊബിലിറ്റി പ്രോഗ്രാം (IMP), ടെംപററി ഫോറിന്‍ വര്‍ക്കര്‍ (TFW) പ്രോഗ്രാം എന്നിവ വഴി എത്തുന്നവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. IMP ലക്ഷ്യം പ്രതിവര്‍ഷം 1,70,000 ആയി തുടരുമ്പോള്‍, TFW പ്രോഗ്രാമിന് കീഴിലുള്ള ലക്ഷ്യം 2026-ലെ 60,000-ല്‍ നിന്ന് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 50,000 ആയി കുറയും.

പെര്‍മനന്റ് റെസിഡന്‍സി 3,80,000 ആയി തുടരും

താല്‍ക്കാലികമായി എത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമ്പോഴും, 2026 മുതല്‍ 2028 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 3,80,000 എന്ന സ്ഥിരതാമസാനുമതി ലക്ഷ്യം കാനഡ നിലനിര്‍ത്തും.

സാമ്പത്തിക കുടിയേറ്റക്കാരായിരിക്കും (Economic Immigration) ഇതില്‍ പ്രധാനം. 2027, 2028 വര്‍ഷങ്ങളില്‍ ആകെ അഡ്മിഷന്റെ 64 ശതമാനവും ഈ വിഭാഗത്തില്‍ നിന്നായിരിക്കും. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (PNP) ലക്ഷ്യം 2026-ലെ 91,500-ല്‍ നിന്ന് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 92,500 ആയി ഉയര്‍ത്തും. ഫെഡറല്‍ ഹൈ-സ്‌കില്‍ഡ് അഡ്മിഷന്‍ 2026-ലെ 109,000-ല്‍ നിന്ന് 111,000 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.

ഇതിനുപുറമെ, 2026, 2027 വര്‍ഷങ്ങളിലായി രാജ്യത്ത് ഇതിനകം ജോലി ചെയ്യുന്ന 33,000 വരെ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് വേഗത്തില്‍ പിആര്‍ നല്‍കാനുള്ള പ്രത്യേക പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.

കാനഡയിലേക്ക് പഠനത്തിനായോ ജോലിക്കായോ പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും പുതിയ തീരുമാനം താല്‍ക്കാലിക വിസ ലഭിക്കുന്നതില്‍ കടുത്ത മത്സരമുണ്ടാക്കുമെങ്കിലും, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ തുടര്‍ന്നും ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!