ഓട്ടവ: കാനഡയിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി അടുത്ത കാനഡ ചൈല്‍ഡ് ബെനഫിറ്റ് (CCB) വിഹിതം ഇന്ന്(ഒക്ടോബര്‍ 20) അക്കൗണ്ടുകളിലെത്തും. കാനഡ റവന്യൂ ഏജന്‍സി (CRA) തുക നേരിട്ട് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. 2026 ജൂലൈയില്‍ ആരംഭിച്ച ആനുകൂല്യ വര്‍ഷത്തിലെ നാലാമത്തെ ഗഡുവാണിത്. ജൂലൈയില്‍ വരുത്തിയ രണ്ട് ശതമാനം പണപ്പെരുപ്പ വര്‍ധന ഇതിലും പ്രതിഫലിക്കും.
2025-ലെ കുടുംബ നികുതി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഒക്ടോബര്‍ 20-ലെ തുക കണക്കാക്കുന്നത്. വാര്‍ഷിക വരുമാനം 38,237 ഡോളറില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ ആനുകൂല്യം ലഭിക്കും. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം പരമാവധി 679.75 ഡോളറും (വര്‍ഷത്തില്‍ 8,157 ഡോളര്‍) ആറുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം പരമാവധി 573.58 ഡോളറും (വര്‍ഷത്തില്‍ 6,883 ഡോളര്‍) ലഭിക്കും. ഒന്റാരിയോ പോലുള്ള പ്രവിശ്യകളില്‍ ഒന്റാരിയോ ചൈല്‍ഡ് ബെനഫിറ്റ് തുക കൂടി ഇതിനോടൊപ്പം ചേര്‍ത്ത് ഒറ്റത്തവണയായി നല്‍കും.

വാര്‍ഷിക വരുമാനം 38,237 ഡോളറിന് മുകളിലുള്ളവര്‍ക്ക് വരുമാനത്തിനും കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് നിശ്ചിത ശതമാനം തുക കുറയും. ഭിന്നശേഷിക്കാരായ കുട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ചൈല്‍ഡ് ഡിസബിലിറ്റി ബെനഫിറ്റ് ഇനത്തില്‍ പ്രതിമാസം 290 ഡോളര്‍ അധികമായി ലഭിക്കും. വാര്‍ഷിക ആനുകൂല്യം 240 ഡോളറില്‍ താഴെയാണെങ്കില്‍ അത് മാസാമാസം നല്‍കുന്നതിന് പകരം ജൂലൈയില്‍ ഒറ്റത്തവണയായി നല്‍കും.
കനേഡിയന്‍ പൗരന്മാര്, സ്ഥിരതാമസക്കാര്‍, പ്രൊട്ടക്റ്റഡ് വ്യക്തികള്‍ എന്നിവര്‍ക്ക് പുറമെ 18 മാസം തുടര്‍ച്ചയായി കാനഡയില്‍ താമസിച്ച വര്‍ക്ക്/സ്റ്റഡി പെര്‍മിറ്റുള്ള താല്‍ക്കാലിക താമസക്കാര്‍ക്കും ഇതിന് അര്‍ഹതയുണ്ട്. ആനുകൂല്യം ലഭിക്കാന്‍ ദമ്പതികള്‍ രണ്ടുപേരും ഓരോ വര്‍ഷവും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് ജനന രജിസ്ട്രേഷന് സമയത്തോ സിആര്‍എ മൈ അക്കൗണ്ട് വഴിയോ ഫോം ആര്‍സി66 പൂരിപ്പിച്ച് തപാല്‍ വഴിയോ അപേക്ഷിക്കാം. ഒക്ടോബര്‍ 20-ന് ശേഷമുള്ള അടുത്ത പേയ്മെന്റുകള്‍ നവംബര്‍ 20, ഡിസംബര്‍ 11, ജനുവരി 20, ഫെബ്രുവരി 19, മാര്‍ച്ച് 19 എന്നീ തീയതികളില്‍ ലഭിക്കും. തുക കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ അഞ്ച് പ്രവൃത്തിദിവസത്തിന് ശേഷം സിആര്‍എ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം.
