ഓട്ടവ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഓഫ് കാനഡ അടുത്ത ആഴ്ചയോടെ പ്രധാന പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
ഇറാന് യുദ്ധവും മറ്റ് ആഗോള ഘടകങ്ങളും കാരണം വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും ഉയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് കാനഡ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റില്‍ യു.എസിലെ പണപ്പെരുപ്പം 3.4 ശതമാനത്തില്‍ എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം യു.എസ് ഫെഡറല്‍ റിസര്‍വും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും സമാനമായ നടപടികളിലേക്ക് കടക്കുന്നത്.

ഉയര്‍ന്നുവരുന്ന ജീവിതച്ചെലവ് കുറയ്ക്കാനും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും ഫെഡറല്‍ ബാങ്കുകള്‍ സാധാരണയായി പലിശനിരക്കുകള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇത് സാധാരണക്കാരുടെയും ബിസിനസുകളുടെയും വായ്പാ ചെലവുകള്‍ വര്‍ധിക്കാന്‍ കാരണമാകും. പ്രത്യേകം വേരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജുകള്‍, കാര്‍ ലോണുകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയെ ഇത് ബാധിച്ചേക്കാം.
അടുത്ത ആഴ്ച ബാങ്ക് ഓഫ് കാനഡ പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ (25 bps) വര്‍ധന വരുത്താന്‍ സാധ്യതയുണ്ടെന്ന് പിറ്റല്‍ മാര്‍ക്കറ്റ്സ് ഇക്കണോമിക്സ് വൈസ് പ്രസിഡന്റും തലവനുമായ ഡെറക് ഹോള്‍ട്ട് വ്യക്തമാക്കി. 2025 ഒക്ടോബര്‍ മുതല്‍ കാനഡയിലെ പ്രധാന പലിശനിരക്ക് 2.25 ശതമാനമായി തുടരുകയാണ്.
ബാങ്കോക്കില്‍ നടന്ന അന്താരാഷ്ട്ര നാണയ നിധി (IMF) യോഗത്തിനിടെ സംസാരിച്ച ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം, ജൂലൈയില്‍ പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലായിരിക്കും പണപ്പെരുപ്പമെന്ന് സൂചന നല്കി. ഇന്ധനവില ഉയര്ന്നുനില്ക്കുന്നത് പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നും, സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന് ശേഷം പണപ്പെരുപ്പം എട്ട് ശതമാനത്തിന് മുകളിലെത്തിയപ്പോള്‍ പലിശനിരക്ക് ഉയര്‍ത്താന്‍ വൈകിയത് മുന്‍പ് തിരിച്ചടിയായിരുന്നു. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തവണ മുന്‍കൂട്ടിത്തന്നെ ബാങ്ക് നടപടികള്‍ സ്വീകരിക്കുമെന്നാണ് ഡെസ്ജാര്ഡിന്സിലെ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് റാന്‍ഡല്‍ ബാര്‍ട്ട്ലെറ്റ്, ബി.എം.ഒ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സിലെ റോബര്‍ട്ട് കവ്സിക് തുടങ്ങിയ പ്രമുഖ സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
