മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ വധിക്കാൻ പദ്ധതിയിട്ട കേസിലെ പ്രതികൾ സൽമാൻ ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ടിരുന്നതായി മുംബൈ പൊലീസ്. അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, രൺബീർ കപൂർ തുടങ്ങിയവരുടെ വീടുകൾ പ്രതികൾ നിരീക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം പത്തായി.
സൽമാൻ ഖാന് വൈ പ്ലസ് (Y+) സുരക്ഷയുള്ളതിനാൽ അദ്ദേഹത്തെ ആക്രമിക്കുന്നത് പ്രയാസകരമാണെന്ന് മനസ്സിലാക്കിയതോടെയാണ് മറ്റ് താരങ്ങളെ ലക്ഷ്യമിടാൻ പ്രതികൾ തീരുമാനിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. സുരക്ഷാ ക്രമീകരണങ്ങൾ താരതമ്യേന കുറവുള്ളതും പൊതുസ്ഥലങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതുമായ ടൈഗർ ഷ്റോഫിനെ പിന്നീട് ലക്ഷ്യമിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തോക്കുകൾ എത്തിച്ച് നൽകിയവരും അറസ്റ്റിൽ
അമൃത്സറിൽനിന്ന് തോക്ക് എത്തിച്ച് നൽകിയ ജതിൻ, മുംബൈയിൽ അക്രമിസംഘത്തോടൊപ്പം ഉണ്ടായിരുന്ന സമീർ എന്നിവരെയാണ് പുതിയതായി അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തേ പിടിയിലായ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയ യുവതികളും യുവാക്കളും ഉൾപ്പെടെയുള്ളവരെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കസ്റ്റഡിയിലുള്ള യുവതികളിൽ ഒരാൾക്ക് മാത്രമാണ് ആക്രമണപദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഉത്തർപ്രദേശ് സ്വദേശിനിയായ ബബിതയെ ക്ഷേത്രദർശനത്തിനെന്ന പേരിൽ രാധയാണ് മുംബൈയിലേക്ക് കൊണ്ടുവന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

സോഷ്യൽ മീഡിയ വഴി ബന്ധം
സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികൾ അക്രമിസംഘവുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുംബൈയിലെത്തിയ ശേഷം പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി പ്രതികൾ താമസസ്ഥലങ്ങൾ പലതവണ മാറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതേസമയം, ലോറൻസ് ബിഷ്ണോയി സംഘത്തിന്റേതാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ശബ്ദസന്ദേശം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശബ്ദസന്ദേശത്തിന്റെ ഉറവിടവും കേസിലെ പ്രതികളുമായുള്ള ബന്ധവും സ്ഥിരീകരിക്കാനുള്ള നടപടികൾ തുടരുകയാണ്.
ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണപദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെയും ആയുധങ്ങൾ എത്തിച്ചുനൽകിയവരെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
