Thursday, October 22, 2026

ആശുപത്രിയിലെ കാത്തിരിപ്പ് കുറയ്ക്കാൻ വെർച്വൽ സേവനം; അത്യാഹിത വിഭാഗത്തിൽ വെർച്വൽ അപ്പോയിന്റ്‌മെന്റുമായി മൺട്രിയോൾ

മൺട്രിയോൾ: ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാൻ പുതിയ വെർച്വൽ ചികിത്സാ സംവിധാനവുമായി മൺട്രിയോളിലെ ജൂയിഷ് ജനറൽ ഹോസ്പിറ്റൽ. കെബെക്കിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘വെർച്വൽ അർജന്റ് കെയർ’ സംവിധാനത്തിലൂടെ യോഗ്യരായ രോഗികൾക്ക് വീട്ടിലിരുന്ന് വീഡിയോ വഴി ഡോക്ടറുടെ സേവനം ലഭിക്കും.

മൺട്രിയോൾ ദ്വീപിൽ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ സേവനം. നടുവേദന, ചെറിയ പൊള്ളൽ, ചർമ്മത്തിലെ അലർജി, കണ്ണിലെ വീക്കം, നേരിയ പനി തുടങ്ങിയ അടിയന്തര പരിചരണം ആവശ്യമായെങ്കിലും ഉടൻ ആശുപത്രിയിലെത്തേണ്ടതില്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് പ്രയോജനപ്പെടും.

വീഡിയോ അപ്പോയിന്റ്‌മെന്റിലൂടെ ഡോക്ടർമാർക്ക് മരുന്നുകൾ നിർദേശിക്കാനും രക്തപരിശോധന, എക്‌സ്‌റേ തുടങ്ങിയ പരിശോധനകൾക്ക് ശുപാർശ നൽകാനും കഴിയും. എന്നാൽ നെഞ്ചുവേദന, ശ്വാസതടസ്സം, കടുത്ത വയറുവേദന, പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ എന്നിവയുണ്ടെങ്കിൽ ഉടൻ അടിയന്തര വൈദ്യസഹായം തേടണം. കാനഡയിൽ 911-ൽ വിളിക്കുകയോ അടുത്തുള്ള ആശുപത്രിയിലെത്തുകയോ ചെയ്യണം.

ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മുൻഗണന നൽകാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. ജോയൽ ടേണർ പറഞ്ഞു. കെബെക്കിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രതിദിനം ഏകദേശം 10,000 പേർ എത്തുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് അപ്പോയിന്റ്‌മെന്റ് ലഭിക്കുക. ആശുപത്രിയുടെ വെബ്‌സൈറ്റ് വഴിയോ Info-Santé 811 സേവനത്തിലെ നഴ്‌സ് മുഖേനയോ ബുക്ക് ചെയ്യാം. പദ്ധതി വിജയിച്ചാൽ കെബെക്കിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!